ലാഹോര്‍ : ഓസ്ട്രേലിയയ്‌ക്കെതിരായ ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കരുത്തുറ്റ നിലയിൽനിന്ന് തകര്‍ന്നടിഞ്ഞ പാകിസ്ഥാന്‍ നേരിട്ടത് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്‌ച. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് 264 റണ്‍സെന്ന നിലയില്‍ നിന്നാണ് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ പാക് സംഘത്തിലെ ശേഷിക്കുന്നവരും പുറത്തായത്.
ഇതോടെ ഏറ്റവും കുറവ് റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ പാക് സംഘമെന്ന നാണക്കേട് ബാബർ അസമിന്‍റേയും സംഘത്തിന്‍റേയും പേരിലായി. 2003ൽ കേപ്‌ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ നാണക്കേടാണ് ഇത്തവണ വഴിമാറിയത്.
മൂന്നിന് 248 റണ്‍സ് എന്നനിലയില്‍ നിന്നാണ് വെറും 20 റണ്‍സിനിടെ പാകിസ്ഥാന്‍റെ അവസാന ഏഴ് വിക്കറ്റുകളും നിലം പതിച്ചത്. പിച്ചിൽ ബൗളർമാർക്ക് കാര്യമായ ആനൂകൂല്യങ്ങള്‍ ലഭിക്കാതെ മൂന്നാം ടെസ്റ്റ് സമനിലയിലേക്കെന്ന തോന്നലിനിടെയാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസിന്‍സും മിച്ചൽ സ്റ്റാർക്കും പാക് പടയെ കടന്നാക്രമിച്ചത്.
also read: 'എന്തോന്നിത്...ഫ്രഞ്ച് കിസോ'; വാർണർ-ഷഹീൻ ചേര്‍ന്ന് നില്‍ക്കലില്‍ സോഷ്യല്‍ മീഡിയ
ഏഷ്യൻ മണ്ണിൽ ഒരു വിദേശ ടീമിന്റെ മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നായും ഇതുമാറി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നാല് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്.
ടെസ്റ്റ് ചരിത്രത്തില്‍ പാകിസ്ഥാന്‍റെ അഞ്ചുവിക്കറ്റ് വീഴ്ചകള്‍
നാല് റണ്‍സ് - ഓസ്‌ട്രേലിയക്കെതിരെ ലാഹോറില്‍ - 2022
അഞ്ച് റണ്‍സ് - ദക്ഷിണാഫ്രിക്കക്കെതിരെ കേപ് ടൗണില്‍ - 2003
ഏഴ് റണ്‍സ് - ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബെയ്‌നില്‍ - 1995
എട്ട് റണ്‍സ് - ശ്രീലങ്കക്കെതിരെ കൊളംബോയില്‍ - 1996
എട്ട് റണ്‍സ് - വെസ്റ്റിന്‍ഡീസിനെതിരെ ഫൈസലാബാദില്‍ - 1990
എട്ട് റണ്‍സ് - ഇന്ത്യക്കെതിരെ ചെന്നൈയില്‍ - 1999