അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ (Virat Kohli) പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്‌വാനും (Mohammad Rizwan) ഹാരിസ് റൗഫും (Haris Rauf). ചില കാരണങ്ങളാണ് മറ്റ് താരങ്ങളില്‍ നിന്നും വിരാട് കോലിയെ വ്യത്യസ്‌തനാക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ലോകകപ്പ് ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരോട് സംസാരിക്കുമ്പോഴായിരുന്നു രണ്ട് പാകിസ്ഥാന്‍ താരങ്ങളുടെയും പ്രതികരണം.
അവസാന ഓവറുകളില്‍ വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ബാറ്റര്‍ ഇന്ന് ക്രിക്കറ്റില്‍ ഇല്ലെന്നായിരുന്നു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ അഭിപ്രായപ്പെട്ടത്. 'നിലയുറപ്പിച്ച് റണ്‍സ് കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ വിരാട് കോലിയാണ് ഏറ്റവും അപകടകാരിയായ ബാറ്റര്‍. അവസാന ഓവറുകളില്‍ വിരാട് കോലി കളിക്കുന്ന ഷോട്ടുകളും ഫിനിഷിങ് ടച്ചുകളും, അതിനെ പകരം വെയ്‌ക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. ഇതെല്ലാമാണ് മറ്റുള്ളവരില്‍ നിന്നും വിരാട് കോലിയെ വ്യത്യസ്‌തനാക്കുന്നതും' റിസ്‌വാന്‍ പറഞ്ഞു.
റിസ്‌വാനൊപ്പം സംഭാഷണത്തില്‍ ചേര്‍ന്ന പാക് പേസര്‍ ഹാരിസ് റൗഫും വിരാട് കോലിയെ അഭിനന്ദിച്ചു. ഒരോ പന്തിനെയും വളരെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ നേരിടുന്നതെന്നായിരുന്നു ഹാരിസ് റൗഫിന്‍റെ അഭിപ്രായം. 'നെറ്റ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ പന്തെറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവിടെ ഞാന്‍ ഒരിക്കല്‍ വിരാട് കോലിക്കെതിരെ പന്തെറിഞ്ഞിരുന്നു. ബാറ്റിങ്ങിനിടെ പന്ത് ബാറ്റിന്‍റെ ഏത് ഭാഗത്താണ് തട്ടിയതെന്നും അത് എങ്ങോട്ടാക്കാണ് പോകുന്നതെന്നും കൃത്യമായിട്ടാണ് അദ്ദേഹം നിരീക്ഷിച്ചത്. മറ്റാരിലും ഈയൊരു പ്രവണത എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല'- ഹാരിസ് റൗഫ് വ്യക്തമാക്കി.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ ബാറ്റാണ് വിരാട് കോലി. 15 ഏകദിന മത്സരങ്ങള്‍ പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയ കോലി 662 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. 55.16 ശരാശരിയില്‍ പാക് പടയ്‌ക്കെതിരെ ബാറ്റ് ചെയ്‌തിരുന്ന കോലി മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്ററാണ് വിരാട് കോലി. 2015ല്‍ അഡ്‌ലെയ്‌ഡില്‍ വച്ചായിരുന്നു കോലി ഈ നേട്ടം കൈവരിച്ചത്.
അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലായിരുന്നു പാകിസ്ഥാനെതിരെ വിരാട് കോലി കളത്തിലിറങ്ങിയത്. ഈ മത്സരത്തിലും സെഞ്ച്വറിയടിക്കാന്‍ കോലിക്കായി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 94 പന്തില്‍ പുറത്താകാതെ 122 റണ്‍സായിരുന്നു കോലി സ്വന്തമാക്കിയത്.