ന്യൂഡല്‍ഹി: ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഡ്രാഫ്റ്റ് ഷെഡ്യൂൾ പുറത്ത്. ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. നോക്കൗട്ട് മത്സരങ്ങളല്ലാതെ അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയതിനാല്‍ ഈ മത്സരത്തിന്‍റെ വേദി മാറുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
ഡ്രാഫ്റ്റ് ഷെഡ്യൂൾ പ്രകാരം ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പതിപ്പിലെ റണ്ണറപ്പ് ടീമായ ന്യൂസിലൻഡിനെ അഹമ്മദാബാദിൽ നേരിടുന്നതോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. നവംബർ 19-ന് ഇതേ വേദി തന്നെയാണ് ഫൈനലിനും ആതിഥേയത്വം വഹിക്കുക. ബിസിസിഐ നല്‍കിയ ഡ്രാഫ്റ്റ് ഷെഡ്യൂൾ ഫീഡ്‌ബാക്കിനായി ഐസിസി അംഗരാജ്യങ്ങള്‍ക്ക് നല്‍കിയതായാണ് വിവരം.
അടുത്ത ആഴ്ചയാവും ആദ്യം അന്തിമ ഷെഡ്യൂൾ പുറത്തുവിടുക. നവംബർ 15, 16 തീയതികളിൽ നടക്കാൻ സാധ്യതയുള്ള സെമിഫൈനൽ മത്സരങ്ങളുടെ വേദികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. അഹമ്മദാബാദിന് പുറമെ കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ ഒമ്പത് നഗരങ്ങളിലായാണ് ഇന്ത്യ തങ്ങളുടെ ലീഗ് ഘട്ട മത്സരങ്ങൾ കളിക്കുക.
ഒക്‌ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് കാമ്പയ്‌ൻ ആരംഭിക്കുക. തുടര്‍ന്ന് 11ന് ഡല്‍ഹിയില്‍ അഫ്‌ഗാനിസ്ഥാന് എതിരായ മത്സരത്തിന് ശേഷമാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുക. ഒക്‌ടോബർ 19-ന് പൂനെയില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
തുടര്‍ന്ന് 22-ന് ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെയാണ് ആതിഥേയരായ ഇന്ത്യ നേരിടുക. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുക. 29-ന് ലഖ്നൗവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളി. നവംബര്‍ രണ്ടിന് മുംബൈയില്‍ യോഗ്യത മത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പിന്നീട് നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11-ന് ബെംഗളൂരുവില്‍ യോഗ്യത മത്സരം കളിച്ചെത്തുന്ന ടീമിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കുക. അതേസമയം ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിങ്ങനെ അഞ്ച് നഗരങ്ങളിലായാണ് പാകിസ്ഥാൻ തങ്ങളുടെ ലീഗ് മത്സരങ്ങൾ കളിക്കുക.
ഇന്ത്യയുടെ താൽക്കാലിക ഷെഡ്യൂൾ
ഇന്ത്യ vs ഓസ്‌ട്രേലിയ, ഒക്ടോബർ 8, ചെന്നൈ
ഇന്ത്യ vs അഫ്ഗാനിസ്ഥാൻ, ഒക്‌ടോബർ 11, ഡൽഹി
ഇന്ത്യ vs പാകിസ്ഥാൻ, ഒക്ടോബർ 15, അഹമ്മദാബാദ്
ഇന്ത്യ vs ബംഗ്ലാദേശ്, ഒക്ടോബർ 19 , പൂനെ
ഇന്ത്യ vs ന്യൂസിലാൻഡ്, ഒക്ടോബർ 22, ധർമ്മശാല
ഇന്ത്യ vs ഇംഗ്ലണ്ട്, ഒക്ടോബർ 29, ലഖ്‌നൗ
ഇന്ത്യ vs ക്വാളിഫയർ, നവംബർ 2, മുംബൈ
ഇന്ത്യ vs സൗത്ത് ആഫ്രിക്ക, നവംബർ 5, കൊൽക്കത്ത
ഇന്ത്യ vs ക്വാളിഫയർ, നവംബർ 11, ബെംഗളൂരു