മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന്‍റെ തീയതിയില്‍ മാറ്റമുണ്ടായാലും വേദി മാറില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒക്‌ടോബര്‍ 15 നവരാത്രി ആഘോഷങ്ങളുടെ തുടക്കമായതിനാല്‍ സുരക്ഷ പ്രശ്‌നങ്ങളില്‍ ഏജന്‍സികളില്‍ ആശങ്ക അറിയിച്ചതോടെയാണ് മത്സരത്തിന്‍റെ തീയതി മാറ്റണമെന്ന ആവശ്യം ബിസിസിഐക്കും ഐസിസിക്കും മുന്നില്‍ എത്തിയത്.
നേരത്തെ പുറത്ത് വിട്ട ഷെഡ്യൂളില്‍ ഇതടക്കം ചില മാറ്റങ്ങളുണ്ടാവുമെന്നും ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ടീമിന്‍റെ രണ്ട് മത്സരങ്ങളുടെ ഇടവേളയുടെ അടിസ്ഥാനത്തില്‍ വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ അവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണിതെന്നും ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. "രണ്ട്, മൂന്ന് ഐസിസി അംഗരാജ്യങ്ങളില്‍ നിലവിലെ ഷെഡ്യൂളില്‍ കുറച്ച് മാറ്റങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള ആറ് ദിവസത്തില്‍ കൂടുതലുള്ള ടീമുകള്‍ക്ക് അതു കുറയ്‌ക്കുകയും രണ്ട് ദിവസം മാത്രം ഇടവേളയുള്ള ടീമുകള്‍ക്ക് അതു കൂട്ടി നല്‍കാനുമാണ് ശ്രമം നടത്തുന്നത്. ഇക്കാര്യത്തില്‍ മാറ്റം വരുത്തുന്നതിനായി ഐസിസിയുടേയും ബിസിസിഐയുടേയും ലോജിസ്റ്റിക് ടീം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മത്സരങ്ങളുടെ വേദികളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. തീയതിയും സമയവും മാത്രമാവും മാറുക"- ജയ് ഷാ വ്യക്തമാക്കി.
ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അതിഥേയരായ ഇന്ത്യ ഉള്‍പ്പടെ 10 ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഐസിസി ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് പുറമെ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിരുന്നു. ബാക്കിയുള്ള രണ്ട് സ്ഥാനം യോഗ്യത മത്സരങ്ങള്‍ കളിച്ച് എത്തിയ ശ്രീലങ്കയും നെതർലൻഡ്‌സുമാണ് സ്വന്തമാക്കിയത്.
10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. നവംബര്‍ 15-ന് മുംബൈയില്‍ ആദ്യ സെമിയിലും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്.
ഷെഡ്യൂള്‍ പ്രഖ്യാപിച്ചുവെങ്കിലും പാകിസ്ഥാന്‍റെ പങ്കാളിത്തം ഇതേവരെ ഉറപ്പാക്കാന്‍ ഐസിസിക്ക് കഴിഞ്ഞിട്ടില്ല. ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് ഇന്ത്യയുമായുള്ള തര്‍ക്കത്തിന്‍റെ പേരിലാണ് പാകിസ്ഥാന്‍ ഇടയ്‌ക്ക് നില്‍ക്കുന്നത്. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ഏഷ്യ കപ്പിനായി പാക് മണ്ണിലേക്ക് ടീമിനെ അയയ്‌ക്കില്ലെന്ന ബിസിസിഐ നിലപാടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. ഇതോടെ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനെത്തില്ലെന്നായിരുന്നു അവരുടെ നിലപാട്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഏഷ്യ കപ്പ് ഹൈബ്രീഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനമായിരുന്നു. ഇതിനിടെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചെങ്കിലും മതിയായ കാരണങ്ങളില്ലാത്തതിനാല്‍ ഐസിസിയും ബിസിസിഐയും ചേര്‍ന്ന് തള്ളി.
നിലവില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ചാവും ലോകകപ്പില്‍ പങ്കെടുക്കുകയെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. ഇവിടെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സംഘടിപ്പിക്കുന്നത് ഐസിസിക്ക് സാമ്പത്തികമായും ഏറെ ഗുണം ചെയ്യുന്നതാണ്.