മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ODI World Cup 2023) ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ (India vs Pakistan) പോരാട്ടം ഒക്‌ടോബര്‍ 14-ലേക്ക് മാറ്റുമെന്ന് സൂചന. നേരത്തെ, ഔദ്യോഗികമായി പുറത്തുവന്ന ഷെഡ്യൂളില്‍ ഒക്‌ടോബര്‍ 15-നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍, നവരാത്രി ആഘോഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ ഏജന്‍സികള്‍ ആശങ്ക അറിയിച്ചിരുന്നു.
പിന്നാലെ മത്സരത്തിന്‍റെ സമയത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ഷാ വ്യക്തമാക്കിയിരുന്നു. അതേസമയം, മത്സര തീയതി സംബന്ധിച്ച കാര്യത്തില്‍ ഇന്ന് (ജൂലൈ 31) അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, മത്സരങ്ങള്‍ തമ്മിലുള്ള ഇടവേളകളില്‍ മാറ്റം ആവശ്യപ്പട്ട് മൂന്നോളം അംഗങ്ങള്‍ ഐസിസിയ്‌ക്ക് കത്തെഴുതിയിരുന്നു. മത്സരങ്ങളുടെ ഇടവേളകള്‍ തമ്മിലുള്ള വ്യത്യാസം 4-5 ദിവസങ്ങളായി കുറയ്‌ക്കണമെന്നായിരുന്നു ഈ ഐസിസി അംഗത്വമുള്ള രാജ്യങ്ങളുടെ ആവശ്യം. ഈ സാഹചര്യം കൂടി പരിഗണിച്ച് മത്സരക്രമത്തില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് നേരത്തെ ജയ് ഷാ അഭിപ്രായപ്പെട്ടത്.
എന്നാല്‍, നവരാത്രി ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു ഇന്ത്യ പാകിസ്ഥാന്‍ മത്സരം മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. നവരാത്രി ആഘോഷം ആരംഭിക്കുന്നതിനാല്‍ തന്നെ മത്സരത്തിനായി വേണ്ടത്ര സുരക്ഷ ക്രമീകരണമൊരുക്കുക സാധ്യമായിരിക്കില്ലെന്ന് അഹമ്മദാബാദ് പൊലീസും പറഞ്ഞിരുന്നു. അതേസമയം, തീയതിയില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ മത്സരത്തിന് മുന്നോടിയായി ഹോട്ടല്‍ ടിക്കറ്റുകളും ഫ്ലൈറ്റ് ടിക്കറ്റുകളും നേരത്തെ തന്നെ ബുക്ക് ചെയ്‌ത ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്‌ടിക്കുന്നതാണ്.
ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ പത്ത് വേദികളിലായാണ് ഇത്തവണ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. ഇന്ത്യ ഉള്‍പ്പടെ 10 ടീമുകളാണ് ഐസിസി ഏകദിന ലോകകപ്പില്‍ പങ്കെടുക്കുക.
നിലവിലെ ചാമ്പ്യന്മാര ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക,അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, എന്നീ ടീമുകളും ഇന്ത്യയ്‌ക്കൊപ്പം ടൂര്‍ണമെന്‍റിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. യോഗ്യതാമത്സരം കളിച്ച് ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് ശേഷിച്ച രണ്ട് സ്ഥാനം സ്വന്തമാക്കിയത്.
റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണ ടൂര്‍ണമെന്‍റ് നടക്കുന്നത്. ആകെ 45 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലുള്ളത്. ഈ സമയം, 10 ടീമുകളും ഏറ്റുമുട്ടും.
ഇതില്‍ കൂടുതല്‍ ജയം നേടി ആദ്യ നാല് സ്ഥാനം സ്വന്തമാക്കുന്ന ടീമുകളാണ് സെമി ഫൈനലിലേക്ക് മുന്നേറുക. മുംബൈയില്‍ നവംബര്‍ 15-ന് ആദ്യ സെമിയും 16ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.