കറാച്ചി: ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 14-ന് നടക്കും. നേരത്തെ ഐസിസി പുറത്തുവിട്ട ഔദ്യോഗിക ഷെഡ്യൂളില്‍ ഒക്‌ടോബര്‍ 15-നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗുജറാത്തില്‍ നവരാത്രി ആഘോഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഏജന്‍സികള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് തീയതിയില്‍ മാറ്റമുണ്ടായത്.
ഐസിസിയും ബിസിസിഐയും മുന്നോട്ട് വച്ച നിര്‍ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാന്‍റെ മറ്റൊരു മത്സരത്തിന്‍റെ തിയതിയിലും ഐസിസി മാറ്റം വരുത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 12-ന് ഹൈദരാബാദില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നിശ്ചയിച്ച മത്സരം രണ്ട് ദിവസങ്ങള്‍ക്ക് മുന്നെ ഒക്‌ടോബര്‍ പത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഇതോടെ ഇന്ത്യയുമായുള്ള മത്സരത്തിന് മുന്നെ പാകിസ്ഥാന് മൂന്ന് ദിവസത്തെ വിശ്രമം ലഭിക്കും. രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേളകളുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് ചില ടീമുകളുെട മത്സരങ്ങളും പുനക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ലോകകപ്പിന്‍റെ പുതുക്കിയ ഷെഡ്യൂള്‍ ഐസിസി ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പിലെ പാക്കിസ്ഥാന്‍റെ നിലവിലെ ഷെഡ്യൂൾ
ഒക്ടോബർ 6 - നെതർലൻഡ്‌സിനെതിരെ ഹൈദരാബാദിൽ
ഒക്ടോബർ 12 - ശ്രീലങ്കയ്‌ക്കെതിരെ ഹൈദരാബാദിൽ
ഒക്ടോബർ 15 - ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ
ഒക്ടോബർ 20 - ഓസ്‌ട്രേലിയക്കെതിരെ ബെംഗളൂരുവിൽ
ഒക്ടോബർ 23 - അഫ്‌ഗാനിസ്ഥാനെതിരെ ചെന്നൈയിൽ
ഒക്ടോബർ 27 - ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചെന്നൈയിൽ
ഒക്ടോബർ 31 - ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ
നവംബർ 4 - ന്യൂസിലൻഡ് ബെംഗളൂരുവിനെതിരെ
നേരത്തെ, നിലവിലെ ഷെഡ്യൂളില്‍ ഐസിസി അംഗരാജ്യങ്ങളില്‍ ചിലര്‍ കുറച്ച് മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള ആറ് ദിവസത്തില്‍ കൂടുതലുള്ള ടീമുകള്‍ക്ക് അതു കുറയ്‌ക്കുകയും രണ്ട് ദിവസം മാത്രം ഇടവേളയുള്ള ടീമുകള്‍ക്ക് അതു കൂട്ടുമെന്നുമായിരുന്നു ജയ് ഷാ വ്യക്തമാക്കിയത്. തീയതി മാറുമെങ്കിലും വേദികളില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും ജയ് ഷാ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് നടക്കുക. അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. 10 ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഐസിസി ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് പുറമെ ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, എന്നീ ടീമുകൾക്ക് ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ഒഴിവുള്ള രണ്ട് സ്ഥാനങ്ങള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ച് എത്തിയ ശ്രീലങ്കയും നെതർലൻഡ്‌സുമാണ് സ്വന്തമാക്കിയത്. പരസ്‌പരം 10 ടീമുകളും ഓരോ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റിന്‍റെ ആദ്യ ഘട്ടം നടക്കുക.
45 മത്സരങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. തുടര്‍ന്ന് ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് കയറും. നവംബര്‍ 15-ന് മുംബൈയില്‍ ആദ്യ സെമി ഫൈനലും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമി ഫൈനലും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍ അരങ്ങേറുക.