ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (ODI World Cup 2023) മുന്‍പൊരു 'ഡ്രസ് റിഹേഴ്‌സല്‍' അതായിരുന്നു ടീം ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര (India vs Australia ODI Series). ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്‍പ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അവസാന അവസരം കൂടിയായിരുന്നു ഈ ഓസീസ് പരീക്ഷ. അവിടെ ടീം ഇന്ത്യയ്‌ക്ക് ജയിക്കാനായെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമായിരിക്കില്ല.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്ക്വാഡ് പ്രഖ്യാപനം വന്നപാടെ നെറ്റിചുളിക്കാത്തവരായി ആരുമുണ്ടാകില്ല. ആദ്യ, രണ്ട് മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, ഫോമിലല്ലാത്ത സൂര്യകുമാര്‍ യാദവും പരിക്കില്‍ നിന്നും മുക്തനാകാന്‍ കഷ്‌ടപ്പെടുന്ന ശ്രേയസ് അയ്യരും ടീമില്‍. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ടീം സെലക്ഷനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായത്.
എന്നാല്‍, ടീം പെര്‍ഫോമന്‍സുകൊണ്ട് ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര പിടിക്കാന്‍ കെഎല്‍ രാഹുലിന് കീഴിലിറങ്ങിയ ഇന്ത്യന്‍ സംഘത്തിനായി (India vs Australia 2nd ODI). മൊഹാലിയില്‍ മുഹമ്മദ് ഷമിയും ഗില്ലും ഗെയ്‌ക്‌വാദും രാഹുലും സൂര്യകുമാര്‍ യാദവുമായിരുന്നു ഇന്ത്യന്‍ ഹീറോകള്‍. ഇന്‍ഡോറില്‍ അത് ഗില്ലിനും സൂര്യയ്‌ക്കുമൊപ്പം ശ്രേയസ് അയ്യരും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമായി...
കരുത്താകാന്‍ മധ്യനിര : ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍. അവരുടെ ബാക്കപ്പായി സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും.
ലോകകപ്പിന് മുന്‍പ് മിന്നും ഫോമിലാണ് ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം. ശുഭ്‌മാന്‍ ഗില്ലും രോഹിത് ശര്‍മയും നല്‍കുന്ന തുടക്കം പിന്തുടരാന്‍ വിരാട് കോലിക്കും കെഎല്‍ രാഹുലിനും സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. ഇപ്പോള്‍, ശ്രേയസും സൂര്യയും താളം കണ്ടെത്തിയതും ടീമിനും ആരാധകര്‍ക്കും ആശ്വാസമാണ്.
നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് ഇറങ്ങുന്നതിന് മുന്‍പ് ടീം ഇന്ത്യയുടെ പ്രധാന തലവേദനയായിരുന്നു ലോകകപ്പ് സ്‌ക്വാഡിലുള്ള സൂര്യകുമാര്‍ യാദവിന്‍റെയും ശ്രേയസ് അയ്യരുടെയും പ്രകടനങ്ങള്‍. ഏഷ്യ കപ്പില്‍ ലഭിച്ച അവസരങ്ങളില്‍ മികവിലേക്ക് ഉയരാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍, കങ്കാരുപ്പടയെ സ്വന്തം നാട്ടില്‍ നേരിടാന്‍ ഇറങ്ങിയപ്പോള്‍ കഥയാകെ മാറി.
ഒന്നാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവും രണ്ടാം ഏകദിനത്തില്‍ ശ്രേയസ് അയ്യരും റണ്‍സടിച്ചു. മൊഹാലിയിലെ ആദ്യ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 49 പന്തില്‍ 50 റണ്‍സ് നേടിയാണ് പുറത്തായത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ തന്‍റെ സ്ഥിരം ശൈലിയില്‍ ബാറ്റ് ചെയ്‌ത് പുറത്താകാതെ 37 പന്തില്‍ 72 റണ്‍സും സൂര്യ അടിച്ചുകൂട്ടി.
ഏറെ നാളായി പരിക്കിന്‍റെ പിടിയിലായിരുന്ന ശ്രേയസ് അയ്യര്‍ അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലൂടെ ആയിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവരവില്‍ കെഎല്‍ രാഹുല്‍ നടത്തിയതുപോലുള്ള പ്രകടനങ്ങള്‍ ആദ്യം അയ്യര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ റണ്‍മഴ പെയ്യിച്ച് ശ്രേയസ് അയ്യരും ഇന്ത്യന്‍ ആരാധകരുടെ ലോകകപ്പ് പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇവര്‍ക്കൊപ്പം ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിര കൂടുതല്‍ കരുത്തായി മാറും.