റാവല്‍പിണ്ടി: ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം നേടാന്‍ ബാബര്‍ അസമിന്‍റെ കീഴില്‍ ഇറങ്ങിയ പാകിസ്ഥാന് കഴിഞ്ഞിരുന്നു. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാക് പട ജയിച്ച് കയറിയത്. ഇതോടെ ഇന്ത്യയും ഓസ്‌ട്രേലിയയും മാത്രമുള്ള ഒരു എലൈറ്റ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് പാകിസ്ഥാന്‍.
ഏകദിന ക്രിക്കറ്റില്‍ 500 മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകളുടെ പട്ടികയിലാണ് പാകിസ്ഥാനും എത്തിയത്. 949-ാം ഏകദിനങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ 500 വിജയങ്ങള്‍ എന്ന നാഴികകല്ലിലെത്തിയത്. ഓസ്‌ട്രേലിയയാണ് ഏകദിനത്തില്‍ ആദ്യം 500 വിജയങ്ങള്‍ തികയ്‌ക്കുന്നത്. പിന്നാലെ ഇന്ത്യയും ഈ നേട്ടത്തിലെത്തി.
ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങളുള്ളതും ഓസീസിനാണ്. നിലവില്‍ 594 ഏകദിന വിജയങ്ങളാണ് സംഘത്തിന്‍റെ പട്ടികയില്‍ ഉള്ളത്. 539 ജയങ്ങളുമായി ഇന്ത്യ രണ്ടാമതുണ്ട്. അതേസമയം റാവല്‍പിണ്ടിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലിന്‍റേയും അര്‍ധ സെഞ്ചുറി നേടിയ വില്‍ യങ്ങിന്‍റെയും പ്രകടനമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്.
115 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സായിരുന്നു ഡാരില്‍ മിച്ചല്‍ നേടിയത്. 78 പന്തുകളില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 86 റണ്‍സായിരുന്നു വില്‍ യങ് അടിച്ച് കൂട്ടിയത്. ചാഡ് ബൗസ് (26 പന്തില്‍ 18), നായകന്‍ ടോം ലാഥം (36 പന്തില്‍ 20), മാര്‍ക്ക് ചാപ്‌മാന്‍ (14 പന്തില്‍ 15), രചിന്‍ രവീന്ദ്ര ( 9 പന്തില്‍ 9), ആദം മില്‍നെ (1 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
21 പന്തില്‍ 20 റണ്‍സുമായി ഹെന്‍റി നിക്കോള്‍സ് പുറത്താവാതെ നിന്നു. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹൗരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഷദാബ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 291 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്.
ഓപ്പണര്‍ ഫഖര്‍ സമാന്‍റെ സെഞ്ചുറി പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 114 പന്തില്‍ 13 ഫോറുകളും ഒരു സിക്‌സും സഹിതം 117 റണ്‍സാണ് താരം നേടിയത്. ഇമാം ഉള്‍ ഹഖ് (65 പന്തില്‍ 60), ക്യാപ്റ്റന്‍ ബാബര്‍ അസം (46 പന്തില്‍ 49) എന്നിവര്‍ക്ക് പുറമെ പുറത്താവാതെ 34 പന്തില്‍ 42 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെ പ്രകടനവും ടീമിന് നിര്‍ണായകമായി.
ഷാന്‍ മസൂദ് (12 പന്തില്‍ 1), സല്‍മാന്‍ അലി (10 പന്തില്‍ 7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. 10 പന്തില്‍ എട്ട് റണ്‍സുമായി മുഹമ്മദ് നവാസും പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ആദം മില്‍നെ രണ്ട് വിക്കറ്റുകള്‍ നേടി. ബ്ലെയര്‍ ടിക്‌നെറും ഇഷ് സോധിയും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റും സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയാണ് പാകിസ്ഥാനും ന്യൂസിലന്‍ഡും കളിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഇതേവേദിയില്‍ നാളെ നടക്കും.
ALSO READ: കോലിയെ ക്യാപ്റ്റന്‍സി ഓപ്‌ഷനായി പരിഗണിക്കണം; നിര്‍ദേശവുമായി രവി ശാസ്‌ത്രി