വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡ് ഇന്ത്യ ടി20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. പ്രധാനതാരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലാണ് ഇന്ത്യന്‍ ടീം ബ്ലാക്ക് ക്യാപ്‌സിനെ നേരിടാനിറങ്ങുന്നത്. മലയാളി താരം സഞ്‌ജു സാംസണും ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ടി20 ലോകപ്പ് സൂപ്പര്‍ 12ല്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയ ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ തോറ്റ് മടങ്ങുകയായിരുന്നു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയപ്പോള്‍ പാകിസ്ഥാനായിരുന്നു ന്യൂസിലന്‍ഡ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ലോകകപ്പിലെ തോല്‍വികള്‍ മറന്ന് പുതിയ അധ്യായത്തിന് തുടക്കമിടാനാകും ഇരു ടീമുകളും തമ്മിലേറ്റുമുട്ടാനിറങ്ങുക.
ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിച്ച പരമ്പരയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ വിവിഎസ് ലക്ഷ്‌മണിനാണ് ടീമിന്‍റെ പരിശീലന ചുമതല. മത്സരത്തിന് മുന്‍പ് തന്നെ താരങ്ങളോട് നിര്‍ഭയം കളിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. നവംബര്‍ 20, 22 തീയതികളിലായാണ് ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍.
ടി20 പരമ്പരയ്‌ക്ക് പുറമെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പയും ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ കളിക്കും. വെറ്ററന്‍ താരം ശിഖര്‍ ധവാന് കീഴിലാകും ഏകദിന പരമ്പരയ്‌ക്ക് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. നവംബര്‍ 25 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്.
മത്സരം എപ്പോള്‍, എവിടെ കാണാം: നവംബര്‍ 18ന് വെല്ലിങ്‌ടണ്‍ റീജിയണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ന്യൂസിലന്‍ഡ്-ഇന്ത്യ പരമ്പരയിലെ ആദ്യ ടി20 മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മണിമുതലാണ് കളി തുടങ്ങുക. ഡിഡി സ്‌പോര്‍ട്‌സിലാണ് ഇന്ത്യ കിവീസ് പോരാട്ടം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓണ്‍ലൈനായും കളി കാണാം.
ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്