ക്രൈസ്റ്റ്‌ചര്‍ച്ച്: ക്രിക്കറ്റ് ലോകത്ത് ചരിത്രപരമായ തീരുമാനവുമായി ന്യൂസിലന്‍ഡ്. വനിത-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം നല്‍കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൗണ്‍സിലും കളിക്കാരുടെ അസോസിയേഷനും തമ്മില്‍ ധാരണയായി.
അന്താരാഷ്‌ട്ര തലത്തിലും ആഭ്യന്തര തലത്തിലും കളിക്കുന്ന വനിത-പുരുഷ താരങ്ങള്‍ക്കാണ് തുല്യവേതനം നല്‍കുന്നത്. രാജ്യത്തെ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളെ ഒരേ കരാറിൽ സംയോജിപ്പിക്കുന്നതാണ് ഇത്. അഞ്ച് വർഷത്തെ കരാറിൽ ന്യൂസിലന്‍ഡ് ദേശീയ വനിത ടീമിനും, ആഭ്യന്തര വനിത താരങ്ങൾക്കും ഏകദിനങ്ങൾ, ടി20കൾ, ഫോർഡ് ട്രോഫി, ഡ്രീം11 സൂപ്പർ സ്‌മാഷ് എന്നിവയുൾപ്പെടെ എല്ലാ ഫോർമാറ്റുകളിലും പുരുഷന്മാർക്കുള്ള അതേ മാച്ച് ഫീ ലഭിക്കും.
പുതിയ കരാർ വനിത ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതാണെന്ന് ന്യൂസിലൻഡ് വനിത ടീം ക്യാപ്റ്റൻ സോഫി ഡെവിൻ പറഞ്ഞു. “പുരുഷന്മാർക്കൊപ്പം അന്താരാഷ്‌ട്ര, ആഭ്യന്തര വനിത താരങ്ങളും ഒരേ കരാറിൽ അംഗീകരിക്കപ്പെടുന്നത് വലിയ കാര്യമാണ്. ഇതൊരു വലിയ മുന്നേറ്റമാണ്, കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് കരാര്‍ പ്രചോദനമാവും”, ന്യൂസിലൻഡ് ക്രിക്കറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ ഡിവിൻ പറഞ്ഞു.
കായികരംഗത്ത് ഇത് ആവേശകരമായ സമയമാണെന്ന് ന്യൂസിലൻഡ് പുരുഷ ടീം ക്യാപ്‌റ്റൻ കെയ്‌ന്‍ വില്യംസൺ കൂട്ടിച്ചേർത്തു. "നമുക്ക് മുന്‍പെ കടന്നുപോയവർക്ക് നൽകേണ്ട പിന്തുണയാണത്. സ്‌ത്രീകളെയും പുരുഷന്മാരെയും വ്യത്യാസമില്ലാതെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. അതിന് ഈ കരാർ സഹായിക്കും”, വില്യംസൺ പറഞ്ഞു.
പുതിയ കരാറില്‍ കൂടുതല്‍ ആഭ്യന്തര വനിത താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 54ൽ നിന്നും 72ലേക്കാണ് കരാറില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഉയര്‍ന്നത്. ആഭ്യന്തര വനിതകളുടെ വാർഷിക കരാറുകളുടെ എണ്ണം ഒരു ടീമിന് ഒമ്പതിൽ നിന്നും 12 ആയും ഉയർത്തും.