വില്ലിങ്ടണ്‍ : അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ പാകിസ്ഥാൻ പര്യടനത്തിനായി പോകുന്നതിൽ ആശങ്കയറിയിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം അംഗങ്ങൾ. ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പര്യടനത്തിനായി തിങ്കളാഴ്‌ച പുറപ്പെടാനിരിക്കെയാണ് ഒരു വിഭാഗം ആശങ്കയറിയിച്ചത്.
സെപ്റ്റംബർ ഒന്ന് മുതൽ ധാക്കയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ടി 20 പരമ്പരക്ക് ശേഷം ന്യൂസിലാൻഡ് ടീം പാക്കിസ്ഥാനിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് ടീം പാകിസ്ഥാനില്‍ പര്യടനത്തിനൊരുങ്ങുന്നത്.
2002ൽ ന്യൂസിലാൻഡ് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു. തുടർന്ന് പര്യടനം വെട്ടിച്ചുരുക്കി അവർ നാട്ടിലേക്ക് മടങ്ങി.
അതേസമയം പാകിസ്ഥാൻ പര്യടനത്തിനുള്ള ടീമിനൊപ്പം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്ന് ന്യൂസീലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. പര്യടനത്തിന് മുന്നോടിയായി ഒരു പ്രതിനിധിയെ അയച്ച് പാക്കിസ്ഥാനിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനും ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ALSO READ: ഐസിസി ടെസ്റ്റ് റാങ്കിങ്: ജോ റൂട്ട് മുന്നോട്ട്; കെഎല്‍ രാഹുലിന് കുതിപ്പ്
ഇന്ത്യൻ പ്രിമിയർ ലീഗ് യുഎഇയിൽ പുനരാരംഭിക്കുന്ന സാഹച്യത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെയുള്ള ഏഴ് പ്രധാന താരങ്ങൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങളിൽ പങ്കെടുക്കില്ലെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്