ധാക്ക : ബാറ്റ്‌സ്‌മാന്‍ ഫിന്‍ അലന് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് പര്യടനത്തിനായി ധാക്കയിലെത്തി 48 മണിക്കൂറിനുള്ളിലാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാന് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച താരം ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗില്‍ ബർമിങ്ഹാം ഫീനിക്‌സിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റിനും താരം വിധേയനായിരുന്നു.
ചില ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നിലവില്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ ക്വാറന്‍റൈനിലാണ് താരം.
ചീഫ് മെഡിക്കല്‍ ഓഫിസറുമായി അലന് സമ്പര്‍ക്കമുണ്ട്. അതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ ചികിത്സയിലാണ് താരമുള്ളത്.
കൊവിഡ് നെഗറ്റീവായാല്‍ ക്വാറന്‍റൈൻ കാലാവധിക്ക് ശേഷം താരം ടീമിനൊപ്പം ചേരുമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
also read: 'എന്നെ പുറത്താക്കാനല്ല ബുംറ ശ്രമിച്ചത്, ഈ അനുഭവം കരിയറിലാദ്യം'; തുറന്നടിച്ച് ആൻഡേഴ്‌സണ്‍
അതേസമയം ബംഗ്ലാദേശിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്കായാണ് കിവീസ് ടീം ധാക്കയിലെത്തിയത്.
സെപ്റ്റംബര്‍ ഒന്ന് മുതലാണ് പരമ്പര ആരംഭിക്കുക. ബംഗ്ലാദേശ്, പാകിസ്ഥാന്‍ പര്യടനത്തിൽ കളിക്കാനായി ഫിൻ അലൻ നേരത്തേ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.