ലണ്ടന്‍: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ റയാൻ കാംബെല്‍ അപകടനില തരണം ചെയ്‌തു. ലണ്ടനിലെ ആശുപത്രിയിലെ തീവ്രവപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കാംബെലിന്‍റെ ആരോഗ്യമിലയില്‍ പുരോഗതിയുണ്ടെന്ന് കുടുംബം അറിയിച്ചു. കോമയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സംസാരിച്ചതായും കുടുംബം വ്യക്തമാക്കി.
"അദ്ദേഹം വളരെ നന്നായി പ്രതികരിച്ചു, ഇപ്പോൾ സ്ഥിരതയുള്ള അവസ്ഥയിലാണ്. വളരെ ദുർബലനാണെങ്കിലും അദ്ദേഹം സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. തുടർച്ചയായ പുരോഗതിയോടെ അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ പ്രതീക്ഷിക്കുന്നു." 50കാരനായ കാംബെലിന്‍റെ കുടുംബം അറിയിച്ചു.
കഴിഞ്ഞയാഴ്ച യുകെയില്‍ കുടുംബത്തോടൊപ്പം പുറത്തുപോയപ്പോഴാണ് 50 കാരനായ കാംബെലിന് നെഞ്ചുവേദനയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡച്ച് ടീമിന്‍റെ ന്യൂസിലാൻഡ് പര്യടനം കഴിഞ്ഞ് യൂറോപ്പിലേക്ക് മടങ്ങുകയായിരുന്നു കാംബെൽ.
2017 ജനുവരിയിലാണ് അദ്ദേഹം ഡച്ച് ടീമിന്‍റെ പരിശീലകനായി നിയമിതനായത്. ഒരു കളിക്കാരനെന്ന നിലയിൽ, ഓസ്‌ട്രേലിയയെയും ഹോങ്കോങ്ങിനെയും കാംബെൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഹോങ്കോങ്ങിനായാണ് കാംബെല്‍ കളത്തിറങ്ങിയത്.
also read: IPL 2022: രോഹിത്തിന്‍റെയും കോലിയുടേയും ഫോം; ഇന്ത്യയ്‌ക്ക് ആശങ്ക
അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് കാംബെല്‍. 44 വയസും 30 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ടി20യിലെ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്.