മുംബൈ: പേസര്‍ ടി. നടരാജന്‍ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റാണെന്നും കഴിഞ്ഞ ടി20 ലോകകപ്പില്‍ താരത്തെ ടീമിന് നഷ്‌ടമായെന്നും മുന്‍ ഇന്ത്യൻ കോച്ച് രവിശാസ്‌ത്രി. പരിക്കിനെത്തുടര്‍ന്ന് ഏകദേശം ഒരുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം താരം കളിക്കളത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ശാസ്‌ത്രിയുടെ പ്രതികരണം.
''ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നടരാജന് പരിക്കേറ്റത്. ടി20 ലോകകപ്പില്‍ നടരാജനെ മിസ് ചെയ്‌തു. അവനൊരു ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ബൗളറാണ്. വളരെ സമർത്ഥമായാണ് അവന്‍ യോർക്കറുകൾ എറിയുന്നത്. വളരെ നിയന്ത്രണത്തോടെയാണ് അവന്‍ ബൗള്‍ ചെയ്യുന്നത്.'' ശാസ്‌ത്രി പറഞ്ഞു. താരം വീണ്ടും കളിക്കാനിറങ്ങിയതില്‍ സന്തോഷമുണ്ടെന്നും ശാസ്‌ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര നേട്ടത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച താരമാണ് ഇടങ്കയ്യന്‍ പേസറായ നടരാജന്‍. തുടര്‍ന്ന് ഏകദിന പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് വർഷത്തിന്‍റെ ഭൂരിഭാഗവും നഷ്‌ടമായിരുന്നു. എന്നാല്‍ ഐപിഎല്ലിലൂടെ താരം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
തിങ്കളാഴ്‌ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ നടന്ന മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നടരാജന്‍ കളിക്കാനിറങ്ങിയത്. സണ്‍റൈസേഴ്‌സ് 4 കോടി രൂപയ്ക്ക് ടീമിലെത്തിച്ച 31കാരനായ താരം, 12 മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. തന്‍റെ നാല് ഓവര്‍ ക്വാട്ടയിൽ 26 റൺസ് മാത്രം വഴങ്ങിയ താരം 2 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.
also read: സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ആസ്വദിച്ച് കളിക്കുന്നു : ജോസ് ബട്‌ലര്‍
2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലുമായി നടരാജന്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ ശാസ്ത്രിയായിരുന്നു ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തുണ്ടായിരുന്നത്. നടരാജന്‍റെ അരങ്ങേറ്റ മത്സരങ്ങളില്‍ തന്നെ ടീമിന് വിജയിക്കാനായിട്ടുണ്ടെന്നും ശാസ്‌ത്രി ചൂണ്ടിക്കാടി.