ദുബായ് : ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. മൈതാനം മുഴുവന്‍ പന്ത് പായിക്കാന്‍ സൂര്യയുടെ ആവനാഴിയില്‍ അസ്‌ത്രങ്ങളേറെയുണ്ട്. എന്നാല്‍ ഏകദിന ക്രിക്കറ്റിലേക്ക് തന്‍റെ മികവ് പകര്‍ത്താന്‍ 33-കാരന് കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്‍റിന്‍റെ നിരന്തര പിന്തുണ ലഭിച്ച സൂര്യ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാനിറങ്ങിയെങ്കിലും പ്രകടനം നിരാശാജനകമായിരുന്നു.
ഇപ്പോഴിതാ സൂര്യയെ 'വിചിത്ര' താരമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ടി20യിൽ ഇപ്പോൾ ലോകം ഉറ്റുനോക്കേണ്ട കളിക്കാരനാണ് സൂര്യയെന്നും നാസര്‍ ഹുസൈൻ പറഞ്ഞു. ഐസിസിയോടായിരുന്നു 55-കാരന്‍റെ വാക്കുകള്‍ (Nasser Hussain on Suryakumar Yadav).
"ടി20 ഫോര്‍മാറ്റില്‍ ലോകം ഉറ്റുനോക്കേണ്ട കളിക്കാരനാണ് സൂര്യകുമാര്‍ യാദവ്. 306 ഡിഗ്രി താരം... അവന്‍ കളിക്കുന്ന ചില ഷോട്ടുകള്‍ അസാധ്യമാണ്. എന്നാല്‍ അവനൊരു വിചിത്ര കളിക്കാരനാണെന്ന് പറയാതെ വയ്യ.
കാരണം ഏകദിന ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ എന്തുചെയ്യണം, എങ്ങനെ ചെയ്യണം എന്നതൊന്നും അവന് അറിയില്ല. ടി20 ഫോര്‍മാറ്റിലാണെങ്കില്‍ ഏതൊരു നിമിഷത്തിലാണെങ്കിലും എന്തുചെയ്യണമെന്ന വ്യക്തമായ ധാരണ അവനുണ്ട്. ടി20 ക്രിക്കറ്റില്‍ സൂര്യയെ കണ്ടിരിക്കാന്‍ തന്നെ രസമാണ്"- നാസര്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലാണ് സൂര്യ ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്. മൂന്നാം ടി20യില്‍ ഫോര്‍മാറ്റിലെ നാലാം സെഞ്ചുറിയും സൂര്യകുമാര്‍ യാദവ് തൂക്കിയിരുന്നു. വാണ്ടറേഴ്‌സില്‍ നടന്ന മത്സരത്തില്‍ 56 പന്തുകളില്‍ നിന്നും 100 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് നേടിയത്.
ഏഴ് ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉള്‍പ്പടെയായിരുന്നു താരത്തിന്‍റെ പ്രകടനം. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. സൂര്യയുടെ ഇടതുകാല്‍ക്കുഴയ്‌ക്കായിരുന്നു പരിക്ക് പറ്റിയത്. ഇതോടെ ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന് കളിക്കാനാവില്ലെന്ന് ബിസിസിഐയിലെ ഉന്നത വ്യത്തങ്ങള്‍ ഇടിവി ഭാരതിനോട് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ALSO READ: ഇന്ത്യയ്‌ക്കും മുംബൈക്കും ആശ്വാസം; ഹാര്‍ദിക് ജിമ്മില്‍- വീഡിയോ കാണം
കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ താരത്തിന് ഏതാനും ആഴ്‌ചത്തെ വിശ്രമം വേണ്ടി വന്നേക്കാമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ സൂര്യയായിരുന്നു ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സര പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ ടി20 മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ രണ്ടാം ടി20 ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചു.
മൂന്നാം ടി20യില്‍ 106 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം പിടിച്ചുകൊണ്ടായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ചില്ലെങ്കില്‍ ഐപിഎല്ലിലൂടെയാവും സൂര്യ കളത്തിലേക്ക് തിരികെ എത്തുക. ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ സൂര്യയുടെ മടങ്ങി വരവ് ഇന്ത്യയ്‌ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ALSO READ: 'കോലിയുടെ നേതൃത്വത്തില്‍ ടീം മികച്ചതായിരുന്നു, ഇപ്പോള്‍ ഓവര്‍ റേറ്റഡ്' ; തുറന്നടിച്ച് ശ്രീകാന്ത്