മുംബൈ: ഏറ്റവും കൂടുതല്‍ സമയം ക്രീസിൽ ബാറ്റു ചെയ്‌തെന്ന ലോക റൊക്കോഡ് സ്വന്തമാക്കാനൊരുങ്ങി മുംബൈയില്‍ നിന്നുള്ള കൗമാരക്കാരന്‍ സിദ്ധാർഥ് മൊഹിതെ. ലോക റെക്കോഡിനായി നെറ്റ്‌സില്‍ 72 മണിക്കൂറും അഞ്ചുമിനിട്ടുമാണ് മൊഹിതെ ഉറച്ച് നിന്നത്.
ഇതോടെ നാട്ടുകാരനായ വിരാഗ് മാനെയെന്നയാള്‍ 2015ൽ സൃഷ്ടിച്ച 50 മണിക്കൂറെന്ന റെക്കോഡ് തകര്‍ക്കാന്‍ 19കാരനായ മൊഹിതെയ്‌ക്കായി. നിലവില്‍ ഗിന്നസ് അധികൃതരുടെ സാക്ഷ്യപ്പെടുത്തലിനായി കാത്തിരിക്കുകയാണ് താരം.
നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് മൊഹിതെ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗൺ കാരണം രണ്ട് നല്ല ക്രിക്കറ്റ് വർഷങ്ങൾ നഷ്ടമായി, അത് വലിയ നഷ്ടമായിരുന്നു. അതിനാൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ചിന്തയാണ് ലോക റെക്കോഡിനായുള്ള ശ്രമത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.
പലരും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഉപദേഷ്ടാവായ ജ്വാല സിങ്ങില്‍ നിന്നും വലിയ പിന്തുണ ലഭിച്ചുവെന്നും മൊഹിതെ പറഞ്ഞു. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് ജ്വാല സിങ്.
also read: ലോകകപ്പ് കിരീടത്തോടെ യാത്ര പൂർത്തിയാക്കണം; ആഗ്രഹം വെളിപ്പെടുത്തി മിതാലി രാജ്
ഒരു കൂട്ടം ബൗളര്‍മാരും മൊഹിതെയുടെ റെക്കോഡ് നേട്ടത്തിനൊപ്പമുണ്ടായിരുന്നു. നിയമപ്രകാരം ഒരോ മണിക്കൂറിന് ശേഷവും അഞ്ച് മിനിട്ട് ഇടവേളയെടുത്തിരുന്നു.