ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ഉടമകളായ ഫെന്‍വേ സ്പോര്‍ട്‌സ് ഗ്രൂപ്പ് (എഫ്‌എസ്‌ജി) ക്ലബ്ബിനെ വില്‍പ്പനക്ക് വച്ചതിന് പിന്നാലെയാണ് അംബാനി താത്‌പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 90 ബില്യൺ പൗണ്ടിന്‍റെ ആസ്‌തിയോടെ ലോകത്തിലെ എട്ടാമത്തെ ധനികനായ അംബാനിയ്‌ക്ക് ക്ലബിനെ സ്വന്തമാക്കാന്‍ അമേരിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള കടുത്ത മത്സരം അതിജീവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
12 വര്‍ഷമായി ലിവര്‍പൂളിന്‍റെ ഉടമസ്ഥരായ എഫ്‌എസ്‌ജി ഈ ആഴ്‌ച ആദ്യമാണ് ക്ലബിനെ വില്‍പ്പനയ്‌ക്ക് വച്ച കാര്യം അറിയിച്ചത്. നാല് ബില്യണ്‍ പൗണ്ടിനാണ് വില്‍പ്പന ലക്ഷ്യമിടുന്നത്. ക്ലബിന്‍റെ ഉടമസ്ഥതയില്‍ തുടരുമെന്നും എന്നാല്‍ പുതിയ നിക്ഷേപം സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്നും എഫ്‌എസ്‌ജി പ്രസ്‌താവനയില്‍ പറഞ്ഞു.
ഒരു ക്ലബ് എന്ന നിലയിൽ ലിവർപൂളിന്‍റെ താത്‌പര്യങ്ങൾക്കനുസരിച്ച് ശരിയായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിലാവും പുതിയ ഓഹരി ഉടമകളെ പരിഗണിക്കുകയെന്നും എഫ്‌എസ്‌ജി വ്യക്തമാക്കി. അതേസമയം ഇതാദ്യമായല്ല മുകേഷ് അംബാനി ലിവർപൂളിനെ വാങ്ങാൻ താത്‌പര്യം കാണിക്കുന്നത്. 2010ൽ സഹാറ ഗ്രൂപ്പിന്‍റെ ചെയർമാൻ സുബ്രതോ റോയിക്കൊപ്പം ക്ലബിന്‍റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ അന്നത്തെ ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റെയ്ൻ പർസ്ലോ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. 2010 ഒക്‌ടോബറില്‍ ടോം ഹിക്‌സ് -ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് 300 മില്യണ്‍ പൗണ്ടിനാണ് എഫ്‌എസ്‌ജി ലിവര്‍പൂളിനെ സ്വന്തമാക്കിയത്.
also read: ലോക ഫുട്‌ബോളറായിട്ടും ലോകകപ്പ് കളിക്കാനാവാത്ത അച്ഛന്‍റെ മകന്‍ ഖത്തറില്‍ പന്തുതട്ടും