മുംബൈ : ടി20 ക്രിക്കറ്റില്‍ 350 മത്സരങ്ങള്‍ തികച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് ധോണി നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ടി20യില്‍ 350 മത്സരങ്ങള്‍ക്കിറങ്ങിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും ധോണിക്ക് കഴിഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ധോണിക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരം. നിലവില്‍ 372 ടി20 മത്സരങ്ങളാണ് രോഹിത് കളിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ താരം സുരേഷ് റെയ്നയാണ് ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
336 ടി20 മത്സരങ്ങളാണ് റെയ്നയുടെ പേരിലുള്ളത്. ദിനേഷ് കാര്‍ത്തിക് (329), വിരാട് കോലി (328) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
also read: മൊയിൻ അലിയുടെ കഴിവ് ചെന്നൈയിലെത്തും മുമ്പ് തിരിച്ചറിഞ്ഞിരുന്നില്ല : മൈക്ക് ഹസി
അതേസമയം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ ടി20യില്‍ 7000 റണ്‍സ് പിന്നിടാനും ധോണിക്കായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ധോണി. 28 അര്‍ധ സെഞ്ചുറികളടക്കമാണ് ധോണിയുടെ നേട്ടം.