ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം രാജിവച്ച് മോമിനുൾ ഹഖ്. ശ്രീലങ്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് മോമിനുൾ ഹഖിന്‍റെ രാജി. 2019 ഒക്ടോബറിൽ ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്‍റെ ചുമതലയേറ്റെടുത്ത താരത്തെ ക്യാപ്റ്റൻസിയുടെ സമ്മർദം വലിയ തോതില്‍ ബാധിച്ചിരുന്നു.
ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മോമിനുൾ ഹഖ് പറഞ്ഞു. ''നിങ്ങൾ നന്നായി കളിക്കുമ്പോൾ, ടീം വിജയിച്ചില്ലെങ്കിലും, അവരെ പ്രചോദിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ഞാൻ സ്‌കോർ ചെയ്യാതിരിക്കുകയും ടീം വിജയിക്കാതിരിക്കുകയും ചെയ്യുമ്പോൾ ടീമിനെ നയിക്കുകയെന്നത് കഠിനമാണെന്ന് എനിക്ക് തോന്നി.
ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. എന്‍റെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇതൊരു കഠിനമായ തീരുമാനമായിരുന്നില്ല. ഒരു നായകന്‍ സംഭാവന നൽകണം.
അല്ലെങ്കിൽ അത് വളരെയധികം സമ്മർദം കൊണ്ടുവരും. ബോർഡ് പ്രസിഡന്‍റ് എന്നോട് തുടരാൻ പറഞ്ഞു, പക്ഷേ ഞാൻ നായകനാവാന്‍ ആഗ്രഹിക്കുന്നില്ല." മോമിനുൾ ഹഖ് പറഞ്ഞു.
also read: സഞ്‌ജുവിനെ പരിഗണിച്ചില്ല; സച്ചിന്‍റെ ഐപിഎല്‍ ഇലവനെ അറിയാം
2022ൽ ആറ് മത്സരങ്ങളിൽ നിന്ന് 16.20 ശരാശരിയില്‍ 162 റൺസ് മാത്രമാണ് മൊമിനുളിന് നേടാനായത്. അതേസമയം മൊമിനുളിന്റെ നേതൃത്വത്തിൽ മൂന്ന് ടെസ്റ്റുകൾ മാത്രമാണ് ബംഗ്ലാദേശ് ജയിച്ചത്. 12 മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയുമായി.