അഹമ്മദാബാദ് : ഏകദിന ലോകകപ്പ് (Cricket World Cup) ചരിത്രത്തില്‍ പാകിസ്ഥാനെതിരായ എട്ടാമത്തെ ജയമാണ് ടീം ഇന്ത്യ (Team India) ഇന്നലെ സ്വന്തമാക്കിയത്. ബൗളര്‍മാരുടെ മികവിലായിരുന്നു അഹമ്മദാബാദില്‍ രോഹിത് ശര്‍മയും സംഘവും ജയിച്ചുകയറിയത്. ടോസ് നേടി പാകിസ്ഥാനെ ബാറ്റിങ്ങിനയച്ച ഇന്ത്യയ്‌ക്ക് അവരെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ സാധിച്ചിരുന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ കരുതലോടെ നേരിട്ട പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ മുഹമ്മദ് സിറാജിനെ കടന്നാക്രമിച്ചു. ഒന്നാം വിക്കറ്റില്‍ പാക് ഓപ്പണര്‍മാരായ അബ്‌ദുള്ള ഷെഫീഖും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇരുവരും അനായാസം സ്കോറിങ് തുടരുന്നതിനിടെ എട്ടാം ഓവര്‍ പന്തെറിയാനെത്തിയ സിറാജാണ് പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 24 പന്തില്‍ 20 റണ്‍സ് നേടിയ അബ്‌ദുള്ള ഷെഫീഖായിരുന്നു സിറാജിന്‍റെ ആദ്യ ഇര. 13-ാം ഓവറില്‍ ഇമാം ഉള്‍ ഹഖും മടങ്ങിയതോടെ പാക് ആക്രമണത്തെ മുന്നില്‍ നിന്നും നയിച്ചത് ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്നാണ്.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിച്ചതും മുഹമ്മദ് സിറാജാണ്. 30-ാം ഓവറില്‍ സ്കോര്‍ 155ല്‍ നില്‍ക്കെയായിരുന്നു സിറാജ് പാക് നായകന്‍ ബാബര്‍ അസമിനെ വീഴ്‌ത്തിയത്. പിന്നീടായിരുന്നു മത്സരത്തില്‍ പാകിസ്ഥാന്‍റെ കൂട്ടത്തകര്‍ച്ച. മത്സരശേഷം, ബാബറിനെയും ഷഫീഖിനെയും പുറത്താക്കിയ പ്രകടനത്തെ കുറിച്ച് സിറാജ് സംസാരിച്ചിരുന്നു.
'ബാബറും റിസ്‌വാനും മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തുന്നതിനിടെയായിരുന്നു എന്നെ പന്തെറിയാന്‍ വിളിപ്പിച്ചത്. അവിടെ വിക്കറ്റ് നേടുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. അത് കൃത്യമായി തന്നെ നടപ്പിലാക്കാന്‍ എനിക്കായി.
പാക് നായകന്‍ ബാബര്‍ അസമിന്‍റെ വിക്കറ്റ് നേടാന്‍ വേണ്ടി ഉദ്ദേശിച്ച സ്ഥലത്ത് തന്നെ പന്തെറിയാന്‍ സാധിച്ചു. വ്യക്തമായ പ്ലാനോടെ ആയിരുന്നു ഷഫീഖിന്‍റെ വിക്കറ്റും നേടാനായത്' - മുഹമ്മദ് സിറാജ് വ്യക്തമാക്കി.
സിറാജിന് പുറമെ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും മത്സരത്തില്‍ പന്തുകൊണ്ട് മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. രണ്ട് വിക്കറ്റുകള്‍ വീതമാണ് ഇവരും മത്സരത്തില്‍ സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 31-ാം ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെയായിരുന്നു ടീം ഇന്ത്യ മറികടന്നത്. ഇന്ത്യയ്‌ക്കായി നായകന്‍ രോഹിത് ശര്‍മയും (63 പന്തില്‍ 86) ശ്രേയസ് അയ്യരും (53 നോട്ടൗട്ട്) അര്‍ധസെഞ്ച്വറി നേടിയിരുന്നു.