മുംബൈ: ഈ വർഷമാദ്യം മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര കൗണ്ടിയുള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ച് കൂട്ടിയാണ് ടീമിലേക്ക് തിരികെയെത്തിയത്. നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് 34കാരനായ താരം. ഇന്ത്യന്‍ ടീമിലേക്കുള്ള പുജാരയുടെ തിരിച്ച് വരവ് യുവ കളിക്കാർക്ക് ഒരു മാതൃകയാണെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്.
പുജാരയെ ഒഴിവാക്കിയത് സെലക്ടർമാർക്ക് പറ്റിയ തെറ്റായിരുന്നുവെങ്കിലും തന്‍റെ പ്രകടനത്തിലൂടെ അവരെ തിരുത്താന്‍ പുജാരയ്‌ക്ക് കഴിഞ്ഞുവെന്നും കൈഫ് പറഞ്ഞു.
"ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ റണ്‍സ് അടിച്ച് കൂട്ടിയ പുജാരയുടെ രീതി പ്രതീക്ഷ കൈവിടാതെ തിരിച്ച് വരാന്‍ യുവ താരങ്ങള്‍ക്ക് മാതൃക തീര്‍ക്കുന്നതാണ്. കൗണ്ടിയില്‍ കളിക്കാനിറങ്ങിയ താരം ചതുര്‍ദിന മത്സരങ്ങളിലും ഏകദിനങ്ങളിലും ഉള്‍പ്പെടെ സെഞ്ചുറികളടിച്ച് തന്നെ തിരികെ വിളിക്കാന്‍ സെലക്‌ടര്‍മാരെ പ്രേരിപ്പിച്ചു. സെലക്ടർമാരെ അവന്‍ തനിക്ക് മുന്നില്‍ കീഴടക്കുകയായിരുന്നു". മുഹമ്മദ് കൈഫ് പറഞ്ഞു.
ഇന്ത്യൻ ടീമിന് പുജാരയെ പോലെ ഏത് തരം പിച്ചിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള കളിക്കാരെ ആവശ്യമാണെന്നും കൈഫ് അഭിപ്രായപ്പെട്ടു. "ക്രിക്കറ്റില്‍ പ്രായം ഒരു സംഖ്യ മാത്രമാണ്. സ്‌കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമാണ്. തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടി വരുന്ന ഫുട്‌ബോളല്ലയിത്.
ക്രിക്കറ്റിന്‍റെ കാര്യത്തില്‍ വാസ്തവത്തിൽ, പ്രായം ഒരു പ്ലസ് പോയിന്‍റാണ്. നിങ്ങൾക്ക് അനുഭവത്തിലൂടെ കൂടുതല്‍ പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാം. ഇക്കാര്യത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് പുജാരയും കോലിയും രോഹിത്തും". കൈഫ് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഡിസംബർ 14 ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതിനാല്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പുജാരയാണ് ഉപനായകന്‍.
Also read: റണ്‍മല പിറന്ന റാവല്‍പിണ്ടിയുടെ വിധി വന്നു; നിലവാരം വളരെ മോശം... ഡീമെറിറ്റ് പോയിന്‍റ്