ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) അധ്യക്ഷ സ്ഥാനത്തും പുറത്താക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ വീണ്ടും നിയമിച്ചു. ഓംബുഡ്‌സ്മാൻ ജസ്റ്റിസ് (റിട്ട.) ദീപക് വർമയുടേതാണ് നടപടി. അസറുദ്ദീനെ പുറത്താക്കിയ ഭരണ സമിതിയിലെ അഞ്ച് അംഗങ്ങളെ താല്‍ക്കാലികമായി അയോഗ്യരാക്കിയിട്ടുമുണ്ട്.
ഉപാധ്യക്ഷന്‍ ആര്‍. വിജയാനന്ദ്, കെ. ജോൺ മനോജ്, നരേഷ് ശർമ, സുരേന്ദർ അഗർവാൾ, അനുരാധ എന്നിവരെയാണ് അയോഗ്യരാക്കിയത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ച് ഭരണ സമതി അസറുദ്ദീനെ പുറത്താക്കിയത്. സമിതി അംഗങ്ങളുടെ പരാതിയില്‍ താരത്തെ അസോസിയേഷന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
read more: മുഹമ്മദ് അസറുദ്ദീനെ എച്ച്‌സിഎ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി
ഓംബുഡ്‌സ്മാന് പരാതി ലഭിക്കാത്തതിനാല്‍ ഭരണ സമിതിയുടെ പുറത്താക്കലിന് നിയമപരമായ സാധുതയില്ലെന്ന് ദീപക് വർമ വ്യക്തമാക്കി. 'ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഭരണ സമിതിക്ക് അധികാരമില്ല. ഭരണ സമിതി അംഗങ്ങള്‍ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം, ഓരോരുത്തരും അവരുടേതായ രാഷ്ട്രീയം കളിക്കുകയാണ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യത്തെ അത് പരാജയപ്പെടുത്തുകയാണ്' ദീപക് വർമ അഭിപ്രായപ്പെട്ടു.