ന്യൂഡല്‍ഹി : വനിത ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ പേര് എഴുതിച്ചേര്‍ത്താണ് മിതാലിയെന്ന 'യുഗം' അവസാനിക്കുന്നത്. 23 വര്‍ഷം നീണ്ട കരിയറില്‍ റെക്കോഡ് ബുക്കില്‍ പലതവണയാണ് താരം പേര് അടയാളപ്പെടുത്തിയത്. 1999 ജൂണില്‍ തന്‍റെ 16ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്.
തുടര്‍ന്ന് വനിത അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായാണ് മിതാലി കരിയറിന് തിരശ്ശീലയിടുന്നത്. 12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രണ്ട് ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം.
ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 അര്‍ധ സെഞ്ചുറികളുമടക്കം 7805 റണ്‍സും, ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെങ്കിലും അവസാന രാജ്യാന്തര മത്സരത്തിൽ 84 പന്തിൽ 68 റൺസെടുത്ത് മിതാലി തിളങ്ങിയിരുന്നു.
വനിത ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഏകദിന ക്രിക്കറ്റില്‍ 200ലേറെ മത്സരങ്ങള്‍ കളിച്ച ആദ്യ വനിത താരം, ഏകദിനത്തിൽ തുടർച്ചയായി ഏഴ് അർധസെഞ്ചുറികൾ നേടുന്ന ആദ്യ താരം, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ വനിത താരം.
വനിത ടി20യില്‍ അദ്യമായി 2000 റണ്‍സ് ക്ലബില്‍ ഇടം നേടിയ താരം. അന്താരാഷ്‌ട്ര ടി20യില്‍ 2000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരം, ഇന്ത്യയെ രണ്ട് ലോകകപ്പ് ഫൈനലുകളിലേക്ക് നയിച്ച ഏക ക്യാപ്‌റ്റന്‍ (2005, 2017). സച്ചിൻ ടെണ്ടുൽക്കറിനും പാകിസ്ഥാൻ ഇതിഹാസം ജാവേദ് മിയാൻദാദിനും ശേഷം ആറ് ലോകകപ്പുകളിൽ കളിക്കുന്ന മൂന്നാമത്തെ താരവും ആദ്യ വനിത താരവും എന്ന നേട്ടവും മിതാലിക്ക് സ്വന്തമാണ്.
also read: 'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം; കഴിഞ്ഞ 23 വര്‍ഷങ്ങള്‍ ഏറ്റവും മികച്ചതായിരുന്നു': മിതാലി
രാജ്യം മിതാലി രാജിനെ അർജുന, പത്മശ്രീ, ഖേൽരത്‌ന പുരസ്‌കാരങ്ങൾ നല്‍കിയും ആദരിച്ചിട്ടുണ്ട്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലി വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. ഉയര്‍ച്ച താഴ്‌ചകള്‍ നിറഞ്ഞ കരിയറിലെ പിന്തുണയ്‌ക്ക് ആരാധകരോട് നന്ദി പറഞ്ഞ താരം, ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കായി തുടര്‍ന്നും സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായും പ്രസ്‌താവനയില്‍ വ്യക്തമാക്കി.