ഗ്രോസ് ഐലറ്റ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ആശ്വാസ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് കങ്കാരുക്കളുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്.
വിന്‍ഡീസിന്‍റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്‍റെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ഓസീസിന് മുതല്‍ക്കൂട്ടായത്. 44 പന്തില്‍ 75 റണ്‍സ് അടിച്ചെടുത്ത താരം നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.
37 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും മിന്നി. ഡാന്‍ ക്രിസ്റ്റ്യന്‍ 14 പന്തില്‍ 22 റണ്‍സും കണ്ടെത്തി. മറ്റ് വിന്‍ഡീസ് ബൗളര്‍മാരെല്ലാം തല്ലുവാങ്ങിയപ്പോള്‍ നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്ത ഹെയ്ഡന്‍ വാള്‍ഷിന്‍റെ പ്രകടനം വേറിട്ട് നിന്നു. റസല്‍, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
also read: കൗണ്ടിയില്‍ അശ്വിന്‍റെ വിക്കറ്റ് കൊയ്ത്ത്; അരങ്ങേറ്റം ഗംഭീരമാക്കി താരം- വീഡിയോ
വിന്‍ഡീസ് നിരയില്‍ 48 പന്തില്‍ 72 റണ്‍സെടുത്ത സിമ്മണ്‍സാണ് ടോപ് സ്കോറര്‍. എവിന്‍ ലൂയിസ് 14 പന്തില്‍ 31 റണ്‍സും ഫാബിയന്‍ അലന്‍ 14 പന്തില്‍ 29 റണ്‍സും കണ്ടെത്തി. അതേസമയം അവസാന ഓവറില്‍ 11 റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അപകടകാരിയായ ആന്ദ്രെ റസ്സലായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഓവറിന്‍റെ ആദ്യ അഞ്ച് പന്തുകളിലും റസ്സലിന് റണ്‍സ് കണ്ടെത്താനായില്ല.
അവസാന പന്തില്‍ സിക്‌സ് നേടിയെങ്കിലും വിജയം അകലെയായിരുന്നു. ഓസീസിനായി ആദം സാംപ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 57 റണ്‍സ് വഴങ്ങിയ മെറെഡിത്തിനാണ് ശേഷിക്കുന്ന മറ്റൊരു വിക്കറ്റ്. അതേസമയം ആദ്യത്തെ മൂന്ന് മത്സരങ്ങളിലും വിജയിച്ച വിന്‍ഡീസ് പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.