റായ്‌പൂര്‍ : നിലവില്‍ പുരോഗമിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്കില്‍ ഹസി (Micheal Hussy On India vs Australia T20I Series). ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു പരമ്പര നടത്തുന്നതിനെതിരായാണ് മുന്‍ ഓസീസ് താരത്തിന്‍റെ വിമര്‍ശനം. ഇന്ത്യ ഓസ്‌ട്രേലിയ മത്സരങ്ങളുടെ തിളക്കം കെടുത്താന്‍ മാത്രമായിരിക്കും ഈ പരമ്പര കൊണ്ട് കഴിയുന്നതെന്നും മൈക്കില്‍ ഹസി അഭിപ്രായപ്പെട്ടു.
നവംബര്‍ 23നാണ് ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര ആരംഭിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതിനോടകം മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായി. നാലാം മത്സരത്തിനായി ടീമുകള്‍ നാളെ കളിക്കളത്തില്‍ ഇറങ്ങാനിരിക്കെയാണ് ഹസിയുടെ പ്രതികരണം.
'ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുന്ന പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് എല്ലായ്‌പ്പോഴും ആവേശം സമ്മാനിക്കാറുണ്ട്. എന്നാല്‍, ലോകകപ്പ് കഴിഞ്ഞ് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു പരമ്പര, അത് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളുടെ ആവേശം ചോര്‍ത്തുകയാണ് ചെയ്യുന്നത്. ഈ പരമ്പര കൊണ്ട് ഓസ്ട്രേലിയന്‍ ടീമിന്‍റെ ലോകകപ്പ് നേട്ടത്തിന്‍റെ മാറ്റ് ഒരിക്കലും കുറയില്ല.
ഇന്ത്യ ഓസ്‌ട്രേലിയ മത്സരങ്ങളുടെ തിളക്കം കുറയുകയാണ് ഇവിടെ ചെയ്യുന്നത്. ഇരു ടീമുകളിലെയും പ്രധാന താരങ്ങളില്‍ പലരും ഈ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും മികച്ച ടീമല്ല ഇവിടെ കളിക്കുന്നത്.
ഒരു പരമ്പര കഴിഞ്ഞാല്‍ അടുത്തത്, അങ്ങനെ എത്രമാത്രം മത്സരങ്ങള്‍ക്കായാണ് ബോര്‍ഡുകള്‍ ടീമുകളെ അയക്കുന്നത്. ഒരു താരത്തെ സംബന്ധിച്ച് അങ്ങനെ വരുന്ന എല്ലാ പരമ്പരയുടെയും ഭാഗമാവുക എന്നത് ശാരീരികമായും മാനസികമായും അസാധ്യമായ കാര്യമാണ്'- മൈക്കില്‍ ഹസി അഭിപ്രായപ്പെട്ടു.
അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ആതിഥേയരായ ഇന്ത്യ 2-1ന് മുന്നിലാണ് നിലവില്‍. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലാണ് ഇന്ത്യ ജയം പിടിച്ചത്. ഗുവാഹത്തിയിലെ മൂന്നാം മത്സരത്തിലായിരുന്നു ഓസ്‌ട്രേലിയ ജയിച്ചത്.
ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ഇഷാന്‍ കിഷന്‍ (Ishan Kishan), പ്രസിദ്ധ് കൃഷ്‌ണ (Prasidh Krishna) എന്നീ മൂന്ന് താരങ്ങള്‍ മാത്രമാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി കളിക്കുന്നത്. അവസാന രണ്ട് മത്സരങ്ങള്‍ക്കായി ശ്രേയസ് അയ്യര്‍ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറുവശത്ത് ലോകകപ്പ് കളിച്ച ഏഴ് താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ കൂടുതല്‍ പേരെയും ഓസ്ട്രേലിയ തിരിച്ചുവിളിക്കുകയായിരുന്നു.
Also Read : രാഹുല്‍ ദ്രാവിഡ് തുടരും, ക്യാപ്‌റ്റനായി രോഹിത് തന്നെ വേണം; ടി20 ലോകകപ്പിന് ബിസിസിഐയുടെ 'മാസ്റ്റര്‍പ്ലാന്‍'