ലണ്ടന്‍ : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ നിലംപരിശാക്കിയിരുന്നു. മൂന്നാം ദിനം അവസാനിച്ച മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ആതിഥേയരായ ഇന്ത്യ ജയം ഉറപ്പിച്ചത്. ഇതിന് പിന്നാലെ പരമ്പരയുടെ ഫലത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
ആരായാലും അനുഭവം ഇതുതന്നെ: ഓസ്‌ട്രേലിയയ്‌ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. സ്വന്തം മണ്ണില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനേയും ജഡേജയേയും നേരിടുക പ്രയാസമാണ്. ഏതുടീമായാലും സമാന അനുഭവം തന്നെയാവും ഉണ്ടാവുകയെന്നും 48കാരന്‍ ട്വിറ്റ് ചെയ്തു.
"അത്തരം സാഹചര്യങ്ങളിൽ ഓസ്‌ട്രേലിയ പരാജയപ്പെട്ടതിൽ അതിശയിക്കാനില്ല. ഇത്രയും മികച്ച ഒരു ടീമിനെതിരെ മറ്റുള്ളവര്‍ക്കും സമാന അനുഭവം തന്നെയാവും ഉണ്ടാവുക. ഇന്ത്യന്‍ സാഹചര്യത്തില്‍ ആര്‍ അശ്വിന്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനെ നേരിടുക പ്രയാസമാണ്. നോക്കൂ... ഓസീസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല" - വോൺ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ 'കറക്ക് കമ്പനി' : നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ അശ്വിനും ജഡേജയും ചേര്‍ന്നാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്. നേരത്തെ ഇന്ത്യന്‍ സ്‌പിന്നര്‍മാരെ നേരിടുന്നതിനായി പ്രത്യേക പരിശീലനം നടത്തിയാണ് ഓസീസ് കളിക്കാന്‍ ഇറങ്ങിയത്. ഇതിന്‍റെ ഭാഗമായി അശ്വിനോട് അസാധാരണ സാദൃശ്യമുള്ള ബറോഡ താരം മഹേഷ് പിത്തിയയെക്കൊണ്ട് സംഘം നെറ്റ്‌സില്‍ പന്തെറിയിച്ചിരുന്നു.
എന്നാല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ സന്ദര്‍ശകര്‍ക്ക് 177 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ ജഡേജയായിരുന്നു സംഘത്തെ തകര്‍ത്തത്. തുടര്‍ന്ന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്താണ് പുറത്തായത്. ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയാണ് ഓസീസ് രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്.
പക്ഷേ അഞ്ച് വിക്കറ്റുമായി തിളങ്ങിയ അശ്വിന് മുന്നില്‍ മുട്ടുമടക്കിയ സംഘം 91 റണ്‍സില്‍ പുറത്താവുകയായിരുന്നു. ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഓസീസിന്‍റെ എറ്റവും ചെറിയ സ്‌കോറാണിത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനവും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.
അര്‍ധ സെഞ്ചുറിയുമായി അക്‌സറും ജഡേജയും പിന്തുണയേകിയിരുന്നു. ഈ പ്രകടനത്തിന് മത്സരത്തിലെ താരമായും ജഡേജ തെരഞ്ഞെടുക്കപ്പെട്ടു. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ജഡേജ മടങ്ങിയെത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്.
ALSO READ: IND vs AUS: ജഡേജയ്‌ക്ക് കനത്ത തിരിച്ചടി, പിഴയും ഡീമെറിറ്റ് പോയിന്‍റും ശിക്ഷ
ജഡേജയെപ്പോലെ ഒരു പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആര്‍ അശ്വിന്‍ മത്സരത്തിന് ശേഷം പ്രതികരിച്ചിരുന്നു. വരും മത്സരങ്ങളിലും ഇരുവരുടേയും പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ മുതല്‍ക്കൂട്ടാവും. വിജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
പോരാട്ടം ഇനി ഡല്‍ഹിയില്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു പരമ്പരയാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്. ഇതോടെ വരും മത്സരങ്ങളിലും പോരാട്ടം കടുക്കുമെന്നുറപ്പ്.
ഫെബ്രുവരി 17 മുതല്‍ 21വരെ ഡൽഹിയിലാണ് അടുത്ത മത്സരം. തുടര്‍ന്ന് ധർമശാലയിലും (മാര്‍ച്ച് 1-5), അഹമ്മദാബാദിലും (മാര്‍ച്ച് 9-13) മൂന്നും നാലും മത്സരങ്ങള്‍ നടക്കും.