ലണ്ടന്‍ : ടി20 ലോകകപ്പില്‍ കാലഹരണപ്പെട്ട ശൈലിയിലാണ് ഇന്ത്യ കളിച്ചതെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീമാണ് ഇന്ത്യയെന്നും വോണ്‍ വിമര്‍ശിച്ചു. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയുള്ള ഇന്ത്യയുടെ പുറത്താവലിന് പിന്നാലെയാണ് വോണിന്‍റെ പ്രതികരണം.
'ഇന്ത്യൻ പ്രീമിയർ ലീഗ് എങ്ങനെയാണ് തങ്ങളുടെ കളി മെച്ചപ്പെടുത്തിയതെന്ന് മറ്റ് പല രാജ്യങ്ങളിലെ താരങ്ങളും പറയുന്നു. ഇന്ത്യയ്‌ക്ക് എന്താണ് ലഭിച്ചത്. 2011-ൽ സ്വന്തം മണ്ണിൽ ഏകദിന ലോകകപ്പ് നേടിയതിന് ശേഷം അവർക്ക് എന്താണ് ലഭിച്ചത്. ഒന്നുമില്ല. വർഷങ്ങളോളം പഴക്കമുള്ള കാലഹരണപ്പെട്ട വൈറ്റ് ബോൾ ശൈലിയിലാണ് ഇന്ത്യ കളിക്കുന്നത്' - മൈക്കല്‍ വോണ്‍ പറഞ്ഞു.
റിഷഭ് പന്തിനെ ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചില്ലെന്നും വോണ്‍ വിമര്‍ശിച്ചു. "പന്തിനെ പോലൊരു താരത്തെ ഇന്ത്യ ഫലപ്രദമായി പ്രയോജനപ്പെടുത്താതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ടോപ് ഓര്‍ഡറില്‍ പന്തിനെ പോലെ ഒരു താരത്തെ ഇറക്കേണ്ട യുഗമാണിത്.
പക്കലുള്ള കഴിവുകളെ വിനിയോഗിക്കാതെയാണ് അവര്‍ ടി20 ക്രിക്കറ്റ് കളിക്കുന്നത്. അവർക്ക് മികച്ച കളിക്കാരുണ്ട്. പക്ഷേ ശരിയായ പ്രക്രിയയിലല്ല കാര്യങ്ങള്‍ നടക്കുന്നത്'. ഇന്ത്യന്‍ നിരയില്‍ ബോളര്‍മാരുടെ കുറവുണ്ടെന്നും ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
'അഞ്ച് ബോളിങ് ഒപ്ഷനുകള്‍ മാത്രമാണ് ഇന്ത്യയ്‌ക്കുള്ളത്. 10-15 വര്‍ഷം മുന്‍പ് ഇന്ത്യയുടെ ടോപ് 6 ബാറ്റേഴ്‌സിന് ബോള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദ്ര സേവാഗ്, സൗരവ് ഗാംഗുലി, സുരേഷ് റെയ്‌ന എന്നിവര്‍ ബോളെറിഞ്ഞിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ നിരയില്‍ ഒരു ബാറ്ററും പന്തെറിയുന്നില്ല. ഇതോടെ ക്യാപ്റ്റന് അഞ്ച് ബോളിങ് ഒപ്‌ഷന്‍ മാത്രമാണ് ലഭിക്കുന്നത്' - മൈക്കല്‍ വോണ്‍ പറഞ്ഞു.