ലണ്ടന്‍: ബെൻ സ്റ്റോക്‌സിനും (Ben Stokes) ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ ടെസ്റ്റില്‍ ഇംഗ്ലണ്ട് അവതരിപ്പിച്ച ഫയര്‍ബ്രാന്‍ഡ് ക്രിക്കറ്റാണ് 'ബാസ്‌ബോള്‍'. ഈ ആക്രമണാത്മക ശൈലിയിലൂടെ ടെസ്റ്റില്‍ ഏറെ നേട്ടങ്ങളുണ്ടാക്കാന്‍ ഇംഗ്ലീഷ് ടീമിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ (England vs India Test) പര്യടനത്തിനൊരുങ്ങുന്ന ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും കനത്ത മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ നായകന്‍ മൈക്കൽ വോൺ. (Michael Vaughan Bazball warning to England ahead of India Tests)
ഇന്ത്യന്‍ സ്‌പിന്‍ നിരയ്‌ക്ക് എതിരെ 'ബാസ്ബോൾ' കളിക്കുന്നത് വമ്പന്‍ തിരിച്ചടി ആയേക്കാമെന്നാണ് അദ്ദേഹത്തിന്‍റ വാക്കുകള്‍. കഴിഞ്ഞ ആഷസില്‍ സ്‌പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയില്ലാത്ത ഇംഗ്ലീഷ് സാഹചര്യത്തില്‍ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണ്‍ നേട്ടമുണ്ടാക്കിയത് ചൂണ്ടിക്കാണിച്ചാണ് മൈക്കൽ വോണിന്‍റെ (Michael Vaughan) വാക്കുകള്‍.
"ആത്യന്തികമായി, ലോകത്ത് കളിക്കാൻ ഏറ്റവും പ്രയാസമുള്ള സ്ഥലം ഇന്ത്യയാണ്. നമുക്ക് കഴിഞ്ഞ ആഷസ് നോക്കാം... നഥാൻ ലിയോൺ ഫിറ്റായിരിക്കുകയും നന്നായി ബോള്‍ ചെയ്യുകയും ചെയ്‌തിരുന്ന സമയത്ത് ഓസ്‌ട്രേലിയ പരമ്പരയിൽ 2-0 ന് മുന്നിലായിരുന്നു. അതു ഒരു സ്‌പിന്നറുടെ മാത്രം കാര്യമാണ്. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍, സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് നേടിരാനുള്ളത്.
ഇംഗ്ലീഷ് ബാറ്റിങ് നിരയെ പൂര്‍ണമായി നശിപ്പിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. നഥാൻ ലിയോണിനെപ്പോലെ ഗുണനിലവാരമുള്ള ഒരു സ്പിന്നർ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ നേട്ടമുണ്ടാക്കിയത് കാണുമ്പോള്‍, മൂന്ന് മികച്ച താരങ്ങളുള്ള സ്‌പിന്‍ നിരയ്‌ക്ക് എതിരെ ഇന്ത്യയില്‍ ഒരിക്കലും കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യയിൽ ജയിക്കുക എന്നത് ഇംഗ്ലണ്ടിന് വളരെ കഠിനമായിരിക്കും" - മൈക്കൽ വോണ്‍ പറഞ്ഞു.
അതേസമയം അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലുള്ളത്. ജനുവരി 25-ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് രണ്ടാം ടെസ്റ്റ് ആരംഭിക്കും. തുടര്‍ന്ന് 15-ന് രാജ്‌കോട്ടിലും 23-ന് റാഞ്ചിയിലുമാണ് മൂന്നും നാലും ടെസ്റ്റുകള്‍ തുടങ്ങുക. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് അവസാന ടെസ്റ്റിന് തുടക്കമാവുക. പരമ്പരയ്‌ക്കായി നാല് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തി 16 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: പെർത്തിലെ പുല്ലുള്ള പിച്ചില്‍ വിയർക്കാൻ പോകുന്നത് പാക് പടയോ ഓസീസോ
ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്‌കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ഷൊയൈബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഓലീ പോപ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്. (England squad for India tour 2024)