സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് ബാറ്റര്‍ മൈക്കല്‍ സ്ലേറ്ററിനെതിരായ ഗാര്‍ഹിക പീഡന കേസ് റദ്ദാക്കി. സ്ലേറ്ററുടെ മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി സിഡ്‌നിയിലെ പ്രാദേശിക കോടതി മജിസ്‌ട്രേറ്റ് റോസ് ഹഡ്‌സണിന്‍റേതാണ് നടപടി. തടവ് ശിക്ഷയ്‌ക്ക് പകരം 52കാരനായ സ്ലേറ്റര്‍ 12 മാസത്തേക്ക് ഡോക്‌ടറുടെ കീഴില്‍ ചികിത്സ തേടണമെന്ന് കോടതി ഉത്തരവിട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ടെലിവിഷൻ കമന്‍റേറ്ററായി പ്രവർത്തിച്ച സ്ലേറ്ററിനെതിരെ, കഴിഞ്ഞ ഒക്ടോബറിലാണ് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പൊലീസ് കേസെടുത്തത്. തന്നെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭാര്യയാണ് പരാതി നല്‍കിയത്. നേരത്തെ അഞ്ച് മനോരോഗ വിദഗ്‌ദരുടെ കീഴില്‍ താന്‍ ചികിത്സ തേടിയതായും 100 ദിവസത്തിലധികം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചെലവഴിച്ചതായും സ്ലേറ്റര്‍ കോടതിയെ അറിയിച്ചിരുന്നു.
1993-2001 കാലയളവിൽ ഓസ്‌ട്രേലിയയ്‌ക്കായി 74 ടെസ്റ്റുകൾ കളിച്ച സ്ലേറ്റർ 43 ശരാശരിയിൽ 5,312 റൺസ് നേടിയിട്ടുണ്ട്.
also read: IPL 2022 | 'അവന് എല്ലാം എളുപ്പമാണെന്ന തോന്നല്‍'; സഞ്‌ജുവിന് മുന്നറിയിപ്പുമായി വെട്ടോറി
കഴിഞ്ഞ വർഷം മേയില്‍ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരെ കടുത്ത വിമർശനമുയർത്തിയ സ്ലേറ്റർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലുള്ള ഓസ്ട്രേലിയക്കാർക്ക് നാട്ടിൽ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതാണ് സ്ലേറ്ററെ ചൊടിപ്പിച്ചത്.