ക്വീന്‍സ്‌ലന്‍ഡ് : ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ ബോർഡർ-ഗവാസ്‌കർ ട്രോഫിയ്‌ക്കുള്ള കമന്‍ററി പാനലില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പങ്കാളി ജേഡ് യാര്‍ബോയുമായി നടുറോഡില്‍ ഏറ്റുമുട്ടിയതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് 41കാരനെ കമന്‍ററി പാനലില്‍ നിന്നും ഒഴിവാക്കുന്നത്. ജനുവരി 10ന് നൂസയിലെ ഒരു റസ്റ്റോറന്‍റിന് പുറത്തുവച്ചുണ്ടായ ഏറ്റുമുട്ടല്‍ സ്ഥലത്തുണ്ടായിരുന്ന ആരോ ചിത്രീകരിക്കുകയായിരുന്നു.
മുന്‍ കാമുകിയും സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറുമായ പിപ് എഡ്വേര്‍ഡ്‌സുമായി ക്ലാര്‍ക്ക് രഹസ്യ ബന്ധം തുടരുന്നുവെന്ന ആരോപണത്തിന്‍റെ പേരിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ക്ലാര്‍ക്ക് ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിച്ചതോടെ തെളിവുകള്‍ നിരത്തിയ യാര്‍ബോ പ്രകോപിതയായി 41കാരനെ പലതവണ മുഖത്തടിക്കുന്നത് ദൃശ്യത്തിലുണ്ട്.
ബോർഡർ-ഗവാസ്‌കർ ട്രോഫി നടക്കുന്ന ഫെബ്രുവരിയില്‍ പിപ്പ് എഡ്വേർഡിനോട് ഇന്ത്യയിലേക്ക് തന്നെ അനുഗമിക്കാന്‍ ക്ലാര്‍ക്ക് ആവശ്യപ്പെട്ടുവെന്നതാണ് ഇരുവരുടേയും സംഭാഷണങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. പൊതു സ്ഥലത്ത് അടികൂടിയതിന് ഇരുവര്‍ക്കുമെതിരെ ക്വീന്‍സ്‌ലന്‍ഡ് പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.
പൊതുശല്യത്തിനാണ് നടപടി. അന്വേഷണത്തിൽ മറ്റ് കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം പൂർത്തിയായതായും പൊലീസ് വക്താവ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ മാപ്പുപറഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് വച്ച് ഇത്തരമൊരു സംഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു. എല്ലാത്തിന്‍റേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ക്ലാര്‍ക്ക് പറഞ്ഞു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം കമന്‍ററി രംഗത്ത് സജീവമായ ക്ലാര്‍ക്ക് ഓസ്ട്രേലിയക്ക് 2015ല്‍ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ്. ക്ലാര്‍ക്കിനൊപ്പം സഹതാരമായിരുന്ന മാത്യു ഹെയ്‌ഡനും കമന്‍ററി പാനലിലുണ്ട്. നാഗ്‌പൂരില്‍ ഫെബ്രുവരി ഒമ്പതിനാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.