മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) താളം കണ്ടെത്താന്‍ വിഷമിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ആദ്യ മത്സരം ന്യൂസിലന്‍ഡിനോട് തോറ്റ് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ജയം പിടിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഈ മികവ് അവര്‍ക്ക് മൂന്നാം മത്സരത്തില്‍ തുടരാനായില്ല.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് നടന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് ഇംഗ്ലണ്ടിന് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. അന്ന് 69 റണ്‍സിനായിരുന്നു അഫ്‌ഗാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
നാളെ (ഒക്ടോബര്‍ 21) നടക്കുന്ന അടുത്ത മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആണ് ഇംഗ്ലണ്ട് നേരിടുന്നത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് ഈ മത്സരം. വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ഇംഗ്ലണ്ട് നാളെ ഇറങ്ങുമ്പോള്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അഭിപ്രായപ്പെടുകയാണ് ഇംഗ്ലീഷ് മുന്‍ താരം മൈക്കൽ ആതർട്ടൺ (Michael Atherton).
ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും (Ben Stokes) യുവ ബാറ്റര്‍ ഹാരി ബ്രൂക്കും ഒരേ സമയം പ്ലേയിങ് ഇലവനില്‍ കളിക്കണമെന്നാണ് ആതർട്ടണിന്‍റെ ആവശ്യം. ഇതിലൂടെ ടീമിന് ബാലന്‍സ് കണ്ടെത്താന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ ഇതുവരെ കളിക്കാന്‍ സാധിക്കാത്ത താരമാണ് ബെന്‍ സ്റ്റോക്‌സ്. നാളെ നടക്കുന്ന മത്സരത്തില്‍ താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റോക്സിന്‍റെ പകരക്കാരനായി ഇംഗ്ലീഷ് നിരയിലേക്ക് എത്തിയ താരമാണ് ഹാരി ബ്രൂക്ക്. സ്റ്റോക്‌സ് തിരിച്ചെത്തിയാലും ബ്രൂക്കും പ്ലേയിങ് ഇലവനില്‍ തുടരണമെന്നാണ് ആതർട്ടണ്‍ പറയുന്നത്.
'ബാലന്‍സ് കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ഏഴാം നമ്പറില്‍ ലിയാം ലിവിങ്‌സ്റ്റണെ അഞ്ചാം ബൗളറാക്കിയും ജോ റൂട്ടിനെ ആറാം ബൗളര്‍ ആക്കിയും ഇംഗ്ലണ്ട് കളിപ്പിക്കുമോ, അതോ ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ് ടോപ്ലി എന്നിവര്‍ക്കൊപ്പം രണ്ട് ബൗളര്‍മാരെ കൂടി തെരഞ്ഞെടുക്കുമോ എന്നതാണ് ചോദ്യം.
ക്രിസ് വോക്‌സ്, സാം കറണ്‍ എന്നിവരുടെ ഫോമും ഒരു പ്രധാന ആശങ്കയാണ്. ഓവറില്‍ എട്ട് റണ്‍സിന് മുകളിലാണ് കറണ്‍ ഓരോ ഓവറും എറിഞ്ഞ് തീര്‍ക്കുന്നത്. വോക്‌സിന്‍റെ കാര്യവും ഏറെക്കുറെ സമാനം. വോക്സ് പവര്‍പ്ലേയില്‍ അടിവാങ്ങിക്കൂട്ടുമ്പോള്‍ സാം കറണ്‍ ആ ജോലി മധ്യ ഓവറുകളിലാണ് ചെയ്യുന്നത്-' മൈക്കൽ ആതർട്ടൺ സ്കൈ സ്പോര്‍ട്‌സിനോട് പറഞ്ഞു.