മുംബൈ: റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്‍ ടീമിലെത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി മുഖ്യ പരിശീലകൻ മൈക്ക് ഹെസൻ. ഏപ്രില്‍ 9ന് മുംബൈക്കെതിരെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി കുപ്പായത്തില്‍ ഗ്ലെൻ മാക്‌സ്‌വെല്‍ കളിക്കുമെന്നാണ് പരിശീലകൻ മൈക്ക് ഹെസൻ പറയുന്നത്.
"ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മാര്‍ഗനിര്‍ദേശം വ്യക്തമാണ്, ഏപ്രിൽ 6 ന് മുമ്പ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന കളിക്കാരൊന്നും ലഭ്യമല്ല. അതിനാൽ, അവർ എപ്പോൾ ഇവിടെ എത്തിയാലും, അവർക്ക് ഏപ്രിൽ 6 ന് മുമ്പ് കളിക്കാൻ കഴിയില്ല. ഇക്കാര്യം അറിയാവുന്നതുകൊണ്ടു തന്നെ ഞങ്ങള്‍ തയ്യാറായിരുന്നു. മാക്‌സി (മാക്‌സ്വെൽ) ഞങ്ങളോടൊപ്പം ഈ 9 മുതലുണ്ടാവും" മൈക്ക് ഹെസൻ വ്യക്തമാക്കി.
നിലവില്‍ നിർബന്ധിത ക്വാറന്‍റൈൻ പൂർത്തിയാക്കിയ താരം ക്യാമ്പിൽ ചേർന്നെങ്കിലും, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിബന്ധനകളാലാണ് ഇന്ന് (ചൊവ്വാഴ്ച) (05.04.22) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് ഇറങ്ങാതിരുന്നത്. ഏപ്രില്‍ ആറിന് മുമ്പ് ബോര്‍ഡുമായി കരാറുള്ള താരങ്ങളാരും ഐപിഎല്ലിനിറങ്ങരുതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം.
also read: നടരാജന്‍ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ്; ടി20 ലോകകപ്പിൽ താരത്തെ നഷ്‌ടമായെന്നും രവി ശാസ്ത്രി
പാകിസ്ഥാന്‍ പര്യടനം നടക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇന്ന് (ചൊവ്വാഴ്‌ച) നടക്കുന്ന ഏക ടി20 മത്സരത്തോടെ ഓസീസിന്‍റെ പാകിസ്ഥാന്‍ പര്യടനം പൂര്‍ത്തിയാവും. അതേസമയം മാക്‌സ്‌വെല്‍ ഓസീസ് ടീമിന്‍റെ പാക് പര്യനടത്തിന്‍റെ ഭാഗമായിരുന്നില്ല.