ലാഹോര്‍: ഓസീസ് മുന്‍ താരം മാത്യു ഹെയ്‌ഡനെ വീണ്ടും ടീം ഉപദേശകനായി നിയമിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഹെയ്‌ഡന്‍റെ നിയമനം. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ടി20 ലോകകപ്പിലും ഓസീസ് മുന്‍ ഓപ്പണര്‍ പാക് ടീമിന്‍റെ ഉപദേശകനായിരുന്നു.
ഒക്ടോബര്‍ 15ന് ബ്രിസ്‌ബേനില്‍ പാക് ടീമിനൊപ്പം ഹെയ്‌ഡന്‍ ചേരുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ബംഗ്ലാദേശും ആതിഥേയരായ ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്‌ട്ര ടി20 പരമ്പരയിൽ പങ്കെടുത്ത ശേഷമാവും പാക് ടീം ക്രൈസ്റ്റ്ചർച്ചിൽ നിന്ന് ബ്രിസ്ബേനിൽ എത്തുക.
പാക് ടീമിന്‍റെ ഉപദേശകനാവാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഹെയ്‌ഡന്‍ പറഞ്ഞു. ഏഷ്യ കപ്പിലെ പാകിസ്ഥാന്‍റെ കളി കണ്ടിരുന്നു. ഇന്ത്യയ്‌ക്കെതിരായ വിജയം മികച്ചതായിരുന്നു. ഓസ്‌ട്രേലിയയില്‍ വിജയം നേടുന്നതിനുള്ള മികവ് പാക് ടീമിനുണ്ട്.
രാജ്യത്തെ സാഹചര്യങ്ങള്‍ ബോളിങ്ങിലും ബാറ്റിങ്ങിലും അവര്‍ക്ക് യോജിച്ചതാണ്. തന്‍റെ അറിവും അനുഭവസമ്പത്തും പകര്‍ന്നു നല്‍കാന്‍ കഴിയുന്നത് ബഹുമതിയായി കരുതുന്നുവെന്നും ഹെയ്‌ഡന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്.
also read: 'അയാള്‍ക്ക് ഫോം തിരികെ ലഭിക്കുകയാണ്, ഇനി നിര്‍ത്തില്ല'; യഥാര്‍ഥ കോലിയെ കണ്ടുവെന്ന് ഷൊയ്‌ബ് അക്തര്‍