അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയും ഓസ്‌ട്രേലിയയും (India vs Australia) തമ്മിലേറ്റുമുട്ടുന്ന ഫൈനലിനുള്ള മാച്ച് ഓഫിഷ്യല്‍സിനെ പ്രഖ്യാപിച്ച് ഐസിസി (Match Officials For World Cup 2023 Final). റിച്ചാര്‍ഡ് കെറ്റില്‍ബറോ (Richard Kettleborough), റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് (Richard Illingworth) എന്നിവരാണ് മത്സരത്തിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍. തേര്‍ഡ് അംപയറായി ജോയല്‍ വില്‍സണെയും (Joel Wilson) മാച്ച് റഫറിയായി ആന്‍ഡി പിക്രോഫ്‌റ്റിനേയുമാണ് (Andy Pycroft) ഐസിസി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കലാശപ്പോരില്‍ ചരിത്രം ആവര്‍ത്തിക്കുമോ...? ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ഭയപ്പെടുന്ന അമ്പയര്‍മാരില്‍ ഒരാളാണ് റിച്ചാര്‍ഡ് കെറ്റില്‍ബറോ. അതിനുള്ള പ്രധാന കാരണം അദ്ദേഹം ഓരോ മത്സരത്തിലുമെടുക്കുന്ന തീരുമാനങ്ങള്‍ അല്ല. പകരം, കെറ്റില്‍ബറോ നിയന്ത്രിച്ച നോക്ക് ഔട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യയ്‌ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു എന്ന കാര്യമാണ്.
ഐസിസി ടൂര്‍ണമെന്‍റുകളിലെ നോക്ക് ഔട്ട് മത്സരങ്ങളില്‍ അഞ്ച് പ്രാവശ്യമാണ് കെറ്റില്‍ബറോ ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാന്‍ ഇറങ്ങിയത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെട്ടു. 2014ലെ ടി20 ലോകകപ്പ് ഫൈനലായിരുന്നു ആദ്യ വേദി.
ലോകകപ്പില്‍ ഉടനീളം തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഇന്ത്യ അന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടപ്പോള്‍ ഓണ്‍ ഫീല്‍ഡ് അമ്പയറായി കെറ്റില്‍ബറോയുണ്ടായിരുന്നു. 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നിയന്ത്രിക്കാനും കെറ്റില്‍ബറോയുണ്ടായിരുന്നു. അന്നും ഇന്ത്യയ്‌ക്ക് തോല്‍വിയോടെയാണ് കളം വിടേണ്ടി വന്നത്.
പിന്നീട് 2016 ടി20 ലോകകപ്പ് സെമി ഫൈനല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ലോകകപ്പ് സെമി ഫൈനല്‍. ഇവിടെയെല്ലാം ഇന്ത്യയുടെ ഫലം തോല്‍വി തന്നെയായിരുന്നു. 2019 ലോകകപ്പ് സെമിയില്‍ കെറ്റില്‍ബറോയ്‌ക്കൊപ്പം മത്സരം നിയന്ത്രിക്കാനുണ്ടായിരുന്ന മറ്റൊരു അമ്പയറാണ് റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത്.
ഈ ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം നിയന്ത്രിച്ച അമ്പയര്‍മാരില്‍ ഒരാളും കെറ്റില്‍ബറോയാണ്. ഈ മത്സരത്തില്‍ വിരാട് കോലി സ്ട്രൈക്കിങ് എന്‍ഡില്‍ നില്‍ക്കെ നാസും അഹമ്മദ് എറിഞ്ഞ 42-ാം ഓവറിലെ പന്ത് വൈഡ് വിളിക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. പരിചയ സമ്പന്നനായ ഇംഗ്ലീഷ് അമ്പയര്‍ കോലിയുടെ സെഞ്ച്വറിക്ക് വേണ്ടിയാണ് ഇത്തരമൊരു നിലവപാട് സ്വീകരിച്ചത് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് അന്ന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത് (Richard Kettleborough Wide Controversy).