വെല്ലിങ്‌ടണ്‍: ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കെയ്‌ന്‍ വില്യംസണ്‍ നേതൃത്വം നല്‍കുന്ന 15 അംഗ സ്‌ക്വാഡാണ് ന്യൂസിലൻഡ് ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടി20, ഏകദിന പരമ്പരയ്‌ക്കായി ഒരേ ടീമിനെ നിലനിര്‍ത്തി.
യുവതാരം ഫിൻ അലനെ ടീമിൽ ഉൾപ്പെടുത്തിയപ്പോള്‍ വെറ്ററന്‍ താരം മാര്‍ട്ടിന്‍ ഗപ്‌റ്റിലിന് ഇടം ലഭിച്ചില്ല. സെൻട്രൽ കരാർ ഒഴിവാക്കിയ ട്രെന്‍റ് ബോൾട്ടും ടീമില്‍ നിന്ന് പുറത്തായി. ബോൾട്ടിന്‍റെയും ഗപ്‌റ്റിലിന്‍റെയും അനുഭവ സമ്പത്തിനെ പരിഗണിക്കാതിരിക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്നും എന്നാൽ ടീമിന് മുന്നോട്ട് നോക്കേണ്ടതുണ്ടെന്നും ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.
23കാരനായ അലന്‍ ബ്ലാക് ക്യാപ്‌സിനായി ഇതേവരെ 23 ടി20കളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിവെങ്കിലും ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് ബെൻ സിയേഴ്സിനെയും കെയ്‌ല്‍ ജാമിസണെയും സെലക്ഷന് പരിഗണിച്ചിരുന്നില്ല. ഇന്ത്യയ്‌ക്കെതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് കിവീസ് കളിക്കുന്നത്.
നവംബർ 18ന് വെല്ലിങ്‌ടണില്‍ നടക്കുന്ന ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. തുടര്‍ന്ന് ടൗറംഗ (നവംബർ 20), നേപ്പിയർ (നവംബർ 22) എന്നിവിടങ്ങളില്‍ മറ്റ് മത്സരങ്ങള്‍ നടക്കുക. നവംബർ 25ന് ഓക്ക്‌ലൻഡിലാണ് ഏകദിന പരമ്പരയ്‌ക്ക് തുടക്കമാവുക.
ഹാമിൽട്ടൺ (നവംബർ 27), ക്രൈസ്റ്റ് ചർച്ച് (നവംബർ 30) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. അതേസമയം വിവാഹത്തെ തുടര്‍ന്ന് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിന്നും ജിമ്മി നീഷാമിനെ ഒഴിവാക്കി. പകരക്കാരനായി ഹെൻറി നിക്കോൾസിനെയാണ് ഉള്‍പ്പെടുത്തിയത്.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്ൻ വില്യംസൺ (സി), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാഥം, ഡാരിൽ മിച്ചൽ, ആദം മിൽനെ, ഗ്ലെൻ ഫിലിപ്‌സ്, ജിമ്മി നീഷാം, മിച്ചൽ സാന്‍റ്‌നര്‍, ടിം സൗത്തി, ബ്ലെയർ ടിക്നർ.
Also read: രോഹിത്തും അശ്വിനും കാര്‍ത്തികും ടി20യില്‍ നിന്നും വിരമിക്കണം; തുറന്നടിച്ച് മോണ്ടി പനേസര്‍