സിഡ്‌നി: നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിര്‍ണായകമാവുന്ന അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പർതാരം മാർക്ക് വോ. ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് മാർക്ക് വോയുടെ പട്ടികയില്‍ ഒന്നാമനായി തെരഞ്ഞെടുക്കപ്പെട്ടത്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും തുല്യമായ കാര്യക്ഷമതയോടെ പന്തെറിയാന്‍ 28കാരനായ ബുംറയ്‌ക്ക് കഴിയുമെന്ന് മാർക്ക് വോ പറഞ്ഞു.
ജസ്‌പ്രീത് ബുംറ എല്ലാ ഫോർമാറ്റുകളിലും മികച്ച ബോളറാണെന്നാണ് കരുതുന്നത്. ടി20 ക്രിക്കറ്റിൽ വിക്കറ്റ് നേടാനുള്ള താരത്തിന്‍റെ കഴിവ് പ്രധാനമാണെന്നും മാർക്ക് വോ കൂട്ടിച്ചേര്‍ത്തു. പാക് പേസര്‍ ഷഹീൻ ഷാ അഫ്രീദിയാണ് വോയുടെ പട്ടികയിലെ രണ്ടാമന്‍.
പാക് ബോളിങ് നിരയെ നയിക്കുന്നത് അഫ്രീദിയാണ്. ഇടങ്കയ്യന്‍ പേസറായ ഷഹീന് തന്‍റെ ഇൻ-സ്വിങ്ങറുകളാല്‍ വലങ്കയ്യന്‍ ബാറ്റര്‍മാരെ പ്രയാസപ്പെടുത്താന്‍ കഴിയും. ഏത് സാഹചര്യത്തിലും വിക്കറ്റുകള്‍ നേടാന്‍ കഴിയുന്ന താരമാണ് ഷഹീനെന്നും മാർക്ക് വോ പറഞ്ഞു.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാൻ, ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് മാർക്ക് വോയുടെ പട്ടികയിലുള്ള മറ്റ് താരങ്ങള്‍.
തന്നെ സംബന്ധിച്ച് ലോകത്തെ നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ ബട്‌ലറാണെന്നും മാർക്ക് വോ പറഞ്ഞു. ടി20യില്‍ കളിയുടെ ഗതി ഒറ്റയ്‌ക്ക് മാറ്റി മറയ്‌ക്കാന്‍ കഴിയുന്ന താരമാണ് മാക്‌സ്‌വെൽ. പന്തിനാലും ബാറ്റിനാലും തിളങ്ങാന്‍ കഴിയുന്ന താരമാണ് റാഷിദ് ഖാനെന്നും മാർക്ക് വോ കൂട്ടിച്ചേര്‍ത്തു.