മുംബൈ: മാർച്ച് 26 മുതൽ മഹാരാഷ്‌ട്രയിൽ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മഹാരാഷ്‌ട്ര കായിക മന്ത്രി സുനിൽ കേദാർ. മത്സരം ആരംഭിക്കുന്ന ഘട്ടത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നും കാണികൾക്ക് സ്റ്റേഡിയങ്ങളിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കേദാർ പറഞ്ഞു. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ, പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലീഗ് ഘട്ട മത്സരങ്ങൾ നടക്കുക.
കൊവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ സ്വതന്ത്രരാകും. ഐപിഎൽ ആരംഭിക്കുന്ന സമയത്ത് എല്ലാ ആരാധകരേയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുന്ന അന്തരീക്ഷമാകുമെന്നാണ് പ്രതീക്ഷ. കാണികൾ എത്തുന്നത് താരങ്ങൾക്കും ഉത്തേജനം നൽകും. രണ്ട് വർഷത്തോളമായി ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കുകയാണ്. ഈയൊരു ഒത്തുചേരലിന് അവസരമുണ്ടായാൽ അത് അവർക്കും ഏറെ ഉണർവ് നൽകും. സുനിൽ കേദാർ വ്യക്‌തമാക്കി.
ഐപിഎൽ ലീഗ് മത്സരങ്ങൾ മുംബൈയിലും പൂനെയിലുമായി നടക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ഇതിൽ സംസ്ഥാന കായിക മന്ത്രി എന്ന നിലയിൽ ഞാൻ ബിസിസിഐയോട് കടപ്പെട്ടിരിക്കുന്നു. ബയോ ബബിളുകളും, കൊവിഡ് മാനദണ്ഡങ്ങളും മറ്റ് നിയന്ത്രണങ്ങളും അന്തരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി പാലിച്ച് മത്സരങ്ങൾ നടത്താനാണ് ഞങ്ങളുടെ ശ്രമം. സുനിൽ കേദാർ കൂട്ടിച്ചേർത്തു.
ലീഗ് ഘട്ടത്തിൽ മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലുമാകും നടത്തുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പിന്നീട് തീരുമാനിക്കും. 10 ടീമുകൾ ഉൾപ്പടുന്ന ടൂർണമെന്‍റിൽ 70 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉൾപ്പടെ ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മേയ് 29 നാണ് ഫൈനൽ.