ലണ്ടന്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ് മികച്ച പഠനാനുഭവമായിരുന്നുവെന്ന് ഇംഗ്ലണ്ട് താരവും ടീമിന്‍റെ ഓപ്പണറുമായ ജോസ് ബട്‌ലർ. ടൂര്‍ണമെന്‍റ് പുരോഗമിക്കവേ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു കൂടുതല്‍ മികവ് പുലര്‍ത്തിയതായും ബട്ട്ലര്‍ അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ റോയൽസ് സംഘടിപ്പിച്ച വെർച്വൽ ഇന്‍ററാക്ടീവ് സെഷനിലാണ് ബട്‌ലർ ഇക്കാര്യം പറഞ്ഞത്.
“അവന് ഇതൊരു മികച്ച പഠനാനുഭവമായിരുന്നു. ടൂർണമെന്‍റ് പകുതി ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അവന്‍ ശരിക്കും ഈ റോളിലേക്ക് വളരുകയായിരുന്നു. സീസണിന്‍റെ അവസാനമാകുമ്പോഴേക്കും മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ബട്‌ലർ പ്രതികരിച്ചു.
also read: ഗോളടിച്ച് 'ഹാട്രിക് സെഞ്ച്വറി'; യൂറോപ്പില്‍ റോണോയുടെ പടയോട്ടം
“സഞ്ജുവിന്‍റെ ക്യാപ്റ്റൻസിക്ക് കീഴില്‍ കളിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ അത് അവനെ മാറ്റിയെന്ന് ഞാൻ കരുതുന്നില്ല. അവന്‍ തികച്ചും സ്വതന്ത്രനും ഉത്സാഹഭരിതനുമായ വ്യക്തിയാണ്, അത് ടീമിലുടനീളം എത്തിക്കാൻ അവന്‍ ശ്രമിച്ചു,” ബട്‌ലർ പറഞ്ഞു.
“ഒരു ക്യാപ്റ്റനെന്ന നിലയിൽ ആധികാരികത പുലർത്തേണ്ടത് വളരെ പ്രധാനമാണ്, സഞ്ജുവിന് അതിനുകഴിയുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു,” ബട്‌ലർ കൂട്ടിച്ചേർത്തു. അതേസമയം ഓസിസ് താരം സ്റ്റീവ് സ്മിത്തിന് പകരമായി കഴിഞ്ഞ ജനുവരിയിലാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ നായകനാക്കിയത്. സഞ്ജുവിന് കീഴില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയം സ്വന്തമാക്കാന്‍ ടീമിനായിട്ടുണ്ട്.