കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ ഫിറ്റ്നസ് ടെസ്റ്റിനെ വിമര്‍ശിച്ചും ടി20 ലോക കപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചും ഇതിഹാസ പേസര്‍ ലസിത് മലിംഗ. മുൻ താരം റസൽ ആർനോൾഡിന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് 37കാരനായ മലിംഗയുടെ പ്രതികരണം.
വിരമിക്കാന്‍ പോകുന്നില്ല
ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ ഫിറ്റ്നസ് ടെസ്റ്റിന്‍റെ ഭാഗമായ രണ്ട് കിലോ മീറ്റര്‍ ഓട്ടം പൂർത്തിയാക്കാനാവില്ലെങ്കിലും തനിക്ക് ഇപ്പോഴും 24 പന്തുകൾ എറിയാനാവുമെന്നാണ് മലിംഗ പറയുന്നത്. “ഇത് ടി20 ലോകകപ്പിനെ സംബന്ധിച്ച കാര്യമല്ല. ഞാൻ വിരമിക്കാന്‍ പോകുന്നില്ല. ഇപ്പോഴും എനിക്ക് 24 പന്തുകൾ എറിയാനാവും.
also read: വീരൻമാർ മരിച്ചു വീണു: യൂറോയിലെ മരണ ഗ്രൂപ്പിന് 'പൊങ്കാല'യിട്ട് ട്രോളൻമാർ
വീട്ടിലിരിക്കുന്നതിന്‍റെ കാരണം
എന്നാല്‍ രണ്ട് കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാനാവില്ല. ഇക്കാരണത്താലാണ് ഞാൻ വീട്ടിലിരിക്കുന്നത്. പക്ഷേ, ഇപ്പോഴും യാതൊരു പ്രശ്നങ്ങളുമില്ലാതെ രണ്ട് മണിക്കൂർ പന്തെറിയാൻ എനിക്കാവും. ഇടതടവില്ലാതെ എനിക്ക് 24 പന്തുകൾ എറിയാൻ കഴിയും. 200 പന്തുകളും എറിയാനാവും.
വയറിനെപ്പറ്റി ആരും പരാതിപ്പെട്ടില്ല
രണ്ട് കിലോമീറ്റര്‍ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കാൻ കഴിയില്ലെന്നറിയുന്നതുകൊണ്ടാണ് ഞാൻ വീട്ടിലിരിക്കുന്നത്. ന്യൂസിലൻഡിനെതിരെ നാല് പന്തുകളിൽ ഞാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആ സമയത്ത് എനിക്ക് 35 വയസായിരുന്നു. അന്ന് എന്‍റെ വയറിനെപ്പറ്റിയോ ഫിറ്റ്നസിനെപ്പറ്റിയോ ആരും ഒന്നും പറഞ്ഞിരുന്നില്ല” മലിംഗ പറഞ്ഞു.
2020 ജനുവരി മുതല്‍ പുറത്ത്
2020 മാര്‍ച്ച് മുതല്‍ക്ക് ശ്രീലങ്കക്കായി കളിക്കാന്‍ വലങ്കയ്യന്‍ പേസര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരുന്നു. അതേസമയം ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി20 ലോക കപ്പ് നടക്കുക. യുഎഇയിലും ഒമാനിലുമാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.