ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ബെര്‍ത്തിനായി പോരടിക്കുന്ന ന്യൂസിലന്‍ഡിന് തിരിച്ചടിയായി പേസര്‍ മാറ്റ് ഹെൻറിയുടെ പരിക്ക് (Matt Henry Injury). ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് താരത്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മാറ്റ് ഹെൻറിയുടെ പകരക്കാരനായി കൈല്‍ ജാമിസണെ (Kyle Jamieson) ന്യൂസിലന്‍ഡ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.
ന്യൂസിലന്‍ഡിന്‍റെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് മാറ്റ് ഹെൻറിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ താരത്തിന് പരിക്ക് ഭേദമാകാന്‍ 2-4 ആഴ്‌ച വിശ്രമം ആവശ്യമാണെന്ന് വിദഗ്‌ദര്‍ അറിയിക്കുകയായിരുന്നു. ഇതോടായാണ് ഹെൻറിക്ക് പകരം ജാമിസണെ ടീമിലെടുക്കാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.
ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് മാറ്റ് ഹെൻറി. ഇതുവരെയുള്ള ഏഴ് മത്സരവും കിവീസ് ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ താരം 11 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ വരും മത്സരങ്ങളില്‍ കിവീസിന് ജയം അനിവാര്യമായ സാഹചര്യത്തില്‍ ഹെൻറിയുടെ അഭാവം ടീമിന് കനത്ത നഷ്‌ടമായിരിക്കും.
അതേസമയം, ലോകകപ്പിലെ അടുത്ത മത്സരത്തില്‍ നാളെ (നവംബര്‍ 4) പാകിസ്ഥാനെയാണ് ന്യൂസിലന്‍ഡ് നേരിടുന്നത്. ഈ മത്സരത്തില്‍ ജാമിസണും ന്യൂസിലന്‍ഡ് ടീമിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ (നവംബര്‍ 2) താരം ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ഏകദിന ക്രിക്കറ്റില്‍ 13 മത്സരങ്ങളുടെ മാത്രം അനുഭവപരിചയമുള്ള താരമാണ് 28കാരനായ ജാമിസണ്‍. ന്യൂസിലന്‍ഡിനായി ഇതുവരെ കളിച്ച മത്സരങ്ങളില്‍ 14 വിക്കറ്റാണ് താരത്തിന് നേടാനായിട്ടുള്ളത്. ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശ് പര്യടനം നടത്തിയ ന്യൂസിലന്‍ഡ് ടീമിന്‍റെ ഭാഗമായിരുന്നു ജാമിസണും.
ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കുന്നതിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ന്യൂസിലന്‍ഡിന് ഇനി ജയം അനിവാര്യമാണ്. ഇതുവരെ നാല് മത്സരം ജയിച്ച കിവീസ് ലോകകപ്പ് പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.
ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, മാര്‍ക്ക് ചാപ്‌മാന്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്‍റ് ബോള്‍ട്ട്, ഇഷ് സോധി, കൈല്‍ ജാമിസണ്‍.