മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്. കെഎസ് ഭരതിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി കെഎൽ രാഹുലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ആരാധകരും ഒരു വിഭാഗം വിദഗ്‌ദരും കരുതുന്നത്. ജൂൺ 7ന് ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയാണ് എതിരാളികൾ.
അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ - ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിൽ ഭരതിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. കൂടാതെ വിക്കറ്റിന് പിന്നിലെ താരത്തിന്‍റെ പിഴവുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഓസീസിനെതിരെ ആദ്യ രണ്ട് ടെസ്‌റ്റുകളിൽ കളിച്ച രാഹുലിനും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇതോടെ രാഹുലിന് പകരക്കാരനായി ശുഭ്‌മാൻ ഗില്ലിനെ ടീമിലെത്തിച്ചിരുന്നു. രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തിരുന്നു.
സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനെന്ന നിലയിൽ കെ എസ് ഭരതിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് മുൻ ഇന്ത്യൻ സെലക്‌ടർ സബ കരീം അഭിപ്രായപ്പെടുന്നത്. എങ്കിലും അവസാന തീരുമാനം ടീം മാനേജ്‌മെന്‍റിനെ ആശ്രയിച്ചിരിക്കുന്നു. സമീപകാലത്തായി യുവതാരങ്ങളോടുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ സമീപനത്തിൽ നിന്നാണ് എന്നെ ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് എത്തിക്കുന്നത്.
യുവതാരങ്ങൾക്ക് വളരെയധികം പരിഗണനയും ടീമിൽ സുരക്ഷിത സ്ഥാനവും ടീം മാനേജ്മെന്‍റ് നൽകിയിട്ടുണ്ട്. അവരുടെ കരിയറിന്‍റെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. വ്യക്തിഗത പ്രകടനത്തിന്‍റെ കാര്യത്തിൽ ടീം കടുത്ത തീരുമാനമെടുക്കുമെന്ന് തോന്നുന്നില്ല. കാരണം ഈയൊരു സാഹചര്യത്തിൽ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി അരങ്ങറിയ താരത്തിൽ നിന്നും ഇതിലും മികച്ച പ്രകടനം ടീം മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നുണ്ട്.
ബാറ്ററായി രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുന്നത് സബാ കരീം കരീം തള്ളിക്കളയുന്നില്ലെങ്കിലും യുവ പ്രതിഭകളെ പിന്തുണച്ച ചരിത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളതെന്നും, കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന്‍റെ അഭാവത്തിൽ ഭാവിയിൽ ഭരതിന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യൻ മാനേജ്‌മെന്‍റ് കെഎസ് ഭാരതിന് കൂടുതൽ അവസരം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സാഹചര്യങ്ങൾ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്, ഒരു യുവ വിക്കറ്റ് കീപ്പർക്ക് ഈ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുക എളുപ്പമല്ല. ചില ടെസ്റ്റ് മത്സരങ്ങളിൽ സ്റ്റമ്പിന് പിന്നിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. എന്‍റെ കാഴ്‌ച്ചപ്പാടിൽ, ഒരു യുവതാരത്തിന്‍റെ വളർച്ചയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മുതൽ ഇന്ത്യ എ ടീം വരെയുള്ള കാലഘട്ടത്തിൽ വ്യത്യസ്‌തമായ വെല്ലുവിളികൾ അതിജീവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ മികച്ച പ്രകടനം നടത്താനാകും.' സബ കരീം കൂട്ടിച്ചേർത്തു
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ അവസാന ഘട്ടത്തിൽ സൂപ്പർ താരങ്ങളായ ജസ്പ്രീത് ബുംറയുടെയും റിഷഭ് പന്തിന്‍റെയും സേവനം നഷ്‌ടമായെങ്കിലും തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ ഇടംനേടി. ബുംറയുടെ അസാന്നിധ്യം മുഹമ്മദ് സിറാജിനും ഉമേഷ് ഉദവിനും വഴിയൊരുക്കി. ബോർഡർ - ഗവാസ്‌കർ ട്രോഫിയിലുടനീളം പന്തിന് പകരം കെ എസ് ഭരത് വിക്കറ്റ് കാത്തു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഹമ്മദാബാദ് ടെസ്റ്റ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നു. പോയിന്‍റ് ടേബിളില്‍ ഓസീസിന് പിന്നിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതാണ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് ഫൈനൽ ബെര്‍ത്ത് ലഭിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്ക് ഗുണകരമായത്.