മുംബൈ: ഏഷ്യ കപ്പിനുള്ള (Asia cup 2023) ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ള മധ്യനിര ബാറ്റര്‍ കെഎൽ രാഹുലിനെ (KL Rahul) അജിത് അഗാര്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു. രാഹുലിന് നിസാര ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ നേരത്തെയുള്ള പരിക്കുമായി ഇതിന് ബന്ധമില്ലെന്നും ടീം പ്രഖ്യാപന വേളയില്‍ അജിത് അഗാര്‍ക്കര്‍ (Ajit Agarkar) തന്നെയാണ് അറിയിച്ചത്. രാഹുലിന്‍റെ പരിക്ക് എന്താണെന്ന് വ്യക്തമാക്കിയില്ലെങ്കിലും ടീമിന്‍റെ ആദ്യ മത്സരത്തില്‍ 31-കാരന്‍ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്ന രാഹുലിനെ ടീമിലെടുത്തതിന് സെലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും സെലക്‌ഷന്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത് (Krishnamachari Srikkanth against Indian selectors). ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ള താരങ്ങളെ ടീമിലെടുക്കരുത്. സെലക്‌ടര്‍മാരുടെ ഇപ്പോഴത്തെ നടപടികള്‍ കാണുമ്പോള്‍ ഇന്ത്യയ്‌ക്ക് മറ്റ് താരങ്ങളില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിക്കുള്ളവര്‍ ടീമില്‍ വേണ്ട: "കെഎൽ രാഹുലിന് നിസാര പരിക്കുണ്ടെന്ന് പറയുന്നു. പരിക്കുണ്ടെങ്കില്‍ അവനെ ടീമിലെടുക്കരുത്. സെലക്ഷന്‍ സമയത്ത് ഫിറ്റ്‌നസില്ലെങ്കില്‍ ഏതൊരു താരമായാലും ടീമില്‍ എടുക്കരുത്.
അതായിരുന്നു നമ്മള്‍ പിന്തുടര്‍ന്നിരുന്ന പോളിസി. ഇനി അവനെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കണമെങ്കിൽ, അവനെ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കുക, അത് മറ്റൊരു വിഷയമാണ്. ഏഷ്യ കപ്പിലെ ആദ്യ കുറച്ച് മത്സരങ്ങളില്‍ രാഹുലിന് കളിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ട്രാവലിങ് ബാക്കപ്പ് ആയി സഞ്‌ജു സാംസണെ ടീമിലെടുത്തതെന്നുമാണ് അവര്‍ പറയുന്നത്"- ശ്രീകാന്ത് (Krishnamachari Srikkanth) പറഞ്ഞു.
സെലക്‌ടര്‍മാര്‍ക്ക് ആശയക്കുഴപ്പം: "സത്യത്തില്‍ എന്താണിവിടെ നടക്കുന്നത്. നിങ്ങൾ ഏഷ്യ കപ്പ് കളിക്കുകയാണ്, ഒരു പ്രധാന ടൂർണമെന്‍റാണത്. കഴിഞ്ഞ രണ്ട് പതിപ്പുകളിലും അതിന്‍റെ ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ടീം ഫൈനലിലേക്ക് യോഗ്യത നേടുകയും മികച്ച പ്രകടനം നടത്തുകയും വേണം. സെലക്‌ടര്‍മാര്‍ക്ക് ഇപ്പോഴും ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് ഒരു ഉറപ്പുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാണ്"- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്‌ക്ക് വേറെ താരങ്ങളില്ലേ?: "സെലക്ഷൻ പോളിസി എന്നൊരു കാര്യം നിങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. ഞാൻ ഒന്നിന്‍റേയും ക്രെഡിറ്റ് എടുക്കാനല്ല ശ്രമിക്കുന്നത്. എന്നാൽ ഞങ്ങളുടെ സെലക്ഷൻ പാനൽ എന്തായിരുന്നുവെന്ന് പറയുകയാണ്.
സെലക്ഷന്‍ സമയത്ത് കളിക്കാരുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു ടെസ്റ്റിനിടെയായിരുന്നുവത്. കൃത്യസമയത്ത് ഫിറ്റ്‌നസ് ആയാൽ കളിക്കുമെന്നും അതിനാല്‍ ടീമിലെടുക്കണമെന്നും അന്ന് വിവിഎസ് ലക്ഷ്‌മൺ ഞങ്ങളോട് പറഞ്ഞു. എന്നാൽ മത്സര ദിവസം അദ്ദേഹം ഫിറ്റായിരുന്നില്ല.
ഇതോടെ രോഹിത് ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആലോചിച്ചു. പക്ഷെ, ടീമിന് പുറത്തായിരുന്ന രോഹിത്തിന് ഒരു ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റിരുന്നു. പിന്നീടാണ് വൃദ്ധിമാൻ സാഹ അരങ്ങേറ്റം കുറിച്ചത്.
അതിന് ശേഷമാണ് ഫിറ്റ്‌നസില്ലെങ്കില്‍ ഒരു കളിക്കാരനേയും ടീമിലെടുക്കേണ്ടതില്ലെന്ന് ഞങ്ങളുടെ സെലക്ഷന്‍ പാനല്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സെലക്‌ടര്‍മാരുടെ തീരുമാനം കാണുമ്പോള്‍ ഇന്ത്യയ്‌ക്ക് കളിക്കാന്‍ വേറെ താരങ്ങളില്ലെന്ന് തോന്നും" കൃഷ്‌ണമാചാരി ശ്രീകാന്ത് പറഞ്ഞു നിര്‍ത്തി.