ഓക്‌ലാന്‍റ് : കളിക്കളത്തിൽ തീവ്രതയും ആക്രമണോത്സുകതയും പുലര്‍ത്തുന്ന വിരാട് കോലി കളിക്കളത്തിന് പുറത്ത് വളരെയധികം സ്‌നേഹമുള്ളയാളാണെന്ന് ന്യൂസിലാൻഡ് പേസറും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ സഹതാരവുമായ കെയ്‌ല്‍ ജാമിസണ്‍.
ഒരു റേഡിയോ പരിപാടിക്കിടെയാണ് ജാമിസണ്‍ ഇക്കാര്യം പറഞ്ഞത്.'വിരാട് കോലി വളരെ സ്നേഹമുള്ളയാളാണ്. കുറച്ച് മത്സരങ്ങള്‍ ഞാന്‍ അവനെതിരെ കളിച്ചിട്ടുണ്ട്.
തീര്‍ച്ചയായും, കളിക്കളത്തില്‍ ഓരോ മത്സരവും വിജയിക്കുന്നതിനായി അങ്ങേയറ്റം അഭിനിവേശമുള്ളയാളാണ് കോലി. എന്നാല്‍ കളത്തിന് പുറത്ത് അവന്‍ മറ്റൊരാളാണ്'. ജാമിസണ്‍ പറഞ്ഞു.
ഐപിഎൽ പോലുള്ള ഒരു ടൂർണമെന്‍റിൽ കളിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പറഞ്ഞ ജാമിസൺ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിലുടനീളമുള്ള യാത്രാനുഭവം തനിക്ക് നഷ്ടമായെന്നും പറഞ്ഞു.
'ഞാനവിടെയുള്ളപ്പോള്‍ ഇന്ത്യയില്‍ ലോക്ക്‌ഡൗണ്‍ ആയിരുന്നു. ഞങ്ങളെല്ലാവരും ബയോബബിളിന് അകത്തും. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയിലുടനീളമുള്ള യാത്രാനുഭവം നഷ്ടമായി.
സാഹചര്യങ്ങളെല്ലാം മെച്ചപ്പെട്ടതിന് ശേഷം അവിടെയത്തി എല്ലാം ആസ്വദിക്കാനാവുമെന്ന് കരുതുന്നു'. ജാമിസണ്‍ പറഞ്ഞു.
also read: യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സെറീന വില്ല്യംസ്
വിവിധ രാജ്യത്ത് നിന്നുള്ള താരങ്ങള്‍ ഒന്നിച്ച് കളിക്കുന്നത് രസമുള്ള കാര്യമാണെന്നും മികച്ച വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് തങ്ങള്‍ക്കുള്ളതെന്നും ജാമിസണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് യുഎഇയിൽ ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.
ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്.