ന്യൂഡല്‍ഹി : ഇന്ത്യയുടെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനായി അടുത്തിടെയാണ് രോഹിത് ശര്‍മയെ ബിസിസിഐ പ്രഖ്യാപിച്ചത്. നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് വിരാട് കോലിക്ക് പകരം രോഹിത് ചുമതലയേല്‍ക്കുക.
ഇപ്പോഴിതാ കോലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്. ഇന്ത്യന്‍ ടീമിന് തിരിഞ്ഞ് നോക്കേണ്ടാത്ത വിധം സുരക്ഷിതമായ സ്ഥാനത്തെത്തിച്ച ക്യാപ്റ്റനാണ് വിരാട് കോലിയെന്ന് രോഹിത് പറഞ്ഞു. ബിസിസിഐ വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്‌ത അഭിമുഖത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ അഞ്ച് വർഷക്കാലവും വ്യക്തമായ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് കോലി ടീമിനെ നയിച്ചത്. എല്ലാ മത്സരങ്ങളും ജയിക്കുക എന്ന സന്ദേശമാണ് ഇതുവഴി മുഴുവന്‍ ടീമിനും കോലി നല്‍കിയത്. കോലിക്ക് കീഴില്‍ കളിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായും അത് തുടരുമെന്നും രോഹിത് വ്യക്തമാക്കി.
also read: Ligue 1 : എംബാപ്പെയ്‌ക്ക് ഇരട്ട ഗോള്‍ ; മൊണോക്കോയെ തകര്‍ത്ത് പിഎസ്‌ജി കുതിപ്പ്
അതേസമയം ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാനായതില്‍ അഭിമാനമുണ്ടെന്നും രോഹിത് പറഞ്ഞു. 'ഇതൊരു വലിയ ഉത്തരവാദിത്തമാണ്. അതിൽ ഞാൻ തികച്ചും സന്തുഷ്ടനാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീം ഇന്ത്യയെ നയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.
ഇത് ഒരു ആവേശകരമായ യാത്രയായിരിക്കും' - രോഹിത് പറഞ്ഞു. ഓരോ വ്യക്തിയെന്ന നിലയിലും ഒരു ടീമെന്ന നിലയിലും കൂടുതല്‍ മെച്ചപ്പെടുന്നതിലാണ് മുഴുവൻ സ്ക്വാഡും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.