ജൊഹന്നസ്‌ബര്‍ഗ്: മോശം ഫോമിനാലും ബിസിസിഐയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വലയുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തുണച്ച് കോച്ച് രാഹുല്‍ ദ്രാവിഡ്.
വൈകാതെ തന്നെ കോലി വലിയ റണ്‍സ് കണ്ടെത്തുമെന്ന് ദ്രാവിഡ് പറഞ്ഞു. വിവാദങ്ങള്‍ ടീമിന് പുറത്താണെന്ന് വ്യക്തമാക്കിയ ദ്രാവിഡ്, കോലി മികച്ച രീതിയില്‍ പരിശീലനമുള്‍പ്പെടെ നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാണ്ടറേഴ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഇന്ത്യന്‍ കോച്ച്. അതേസമയം ഇന്ത്യന്‍ നായകന്‍ മാധ്യമങ്ങളെ കണ്ടിരുന്നില്ല. ഇതേപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് "അതിന് പ്രത്യേക കാരണമൊന്നുമില്ല" എന്നായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം.
കോലിയുടെ 100-ാം ടെസ്റ്റിന്‍റെ തലേന്ന് മാധ്യമങ്ങളോട് സംസാരിക്കുമെന്ന് താരം പറഞ്ഞതായും എല്ലാ ചോദ്യങ്ങളും അപ്പോള്‍ ചോദിക്കാമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റാണ് കോലിയുടെ കരിയറിലെ 100ാം ടെസ്റ്റ്. ജനുവരി 11ന് കേപ് ടൗണിലാണ് മത്സരം ആരംഭിക്കുക. അതേസമയം പരമ്പരയിലെ രണ്ടാം മത്സരം നാളെയാണ് തുടങ്ങുക.
also read: 'ഫിനിഷിങ്ങിൽ ധോണിയാണെന്‍റെ റോൾ മോഡൽ'; ആരാധന തുറന്ന് പറഞ്ഞ് ഷാറുഖ് ഖാൻ
വാണ്ടറേഴ്‌സിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും പ്രോട്ടീസിനെതിരെ ഇറങ്ങുന്നത്.
കളിയില്‍ ഏഴ് റണ്‍സ് കൂടി നേടിയാല്‍ വാണ്ടറേഴ്‌സിൽ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോഡ് കോലിക്ക് സ്വന്തമാക്കാം. നേരത്തെ കളിച്ച രണ്ട് ടെസ്റ്റുകളില്‍ 310 റണ്‍സുമായി വാണ്ടറേഴ്‌സിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് കോലി. 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡാണ് ഒന്നാമതുള്ളത്.