ന്യൂഡല്‍ഹി: മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ തഴഞ്ഞാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കെഎല്‍ രാഹുലിന് ഓപ്പണറായി അവസരം നല്‍കിയത്. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിലും തീർത്തും നിരാശജനകമായ പ്രകടനമാണ് രാഹുല്‍ നടത്തിയത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 20 റണ്‍സ് മാത്രമായിരുന്നു രാഹുല്‍ നേടിയത്. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സും മാത്രമാണ് 30കാരന്‍ കണ്ടെത്തിയത്.
വീണ്ടും ടീമില്‍, വീണ്ടും വിമർശനം: അവസാന ഏഴ് ഇന്നിങ്‌സുകളിൽ 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് രാഹുലിന് നേടാന്‍ കഴിഞ്ഞത്. നായകൻ രോഹിതും പരിശീലകൻ രാഹുല്‍ ദ്രാവിഡും രണ്ടാം ടെസ്റ്റിന് ശേഷവും കെഎല്‍ രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാനെപ്പോലുള്ള താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് രാഹുലിന് മാനേജ്‌മെന്‍റിന്‍റെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതെന്ന് ആരാധകരില്‍ വമ്പന്‍ അമ്പരപ്പാണ് ഉളവാക്കിയത്.
രാഹുലിന് സൂചന നല്‍കി ടീം മാനേജ്‌മെന്‍റ്: അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ശ്രദ്ധേയമാണ്. അടുത്ത മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ലെന്ന സൂചനയാണ് ഇതു നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ്. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ശുഭ്‌മാന്‍ ഗില്‍ തിരികെയെത്തുമെന്ന പ്രതീക്ഷയും ഹര്‍ഭജന്‍ പങ്കുവച്ചു.
"അവസാനത്തെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുലിനെ നീക്കിയത് ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കുന്നതിന് വേണ്ടിയാവാം. ഏകദിനങ്ങളിലും ടി20യിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ഗില്‍. അവന്‍ ഒരു സൂപ്പര്‍ ഹീറോയാണ്. അടുത്ത മത്സരത്തില്‍ തീര്‍ച്ചയായും ഗില്ലിന് അവസരം ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഡല്‍ഹി ടെസ്റ്റിലെ പുറത്താകല്‍ കണ്ടാല്‍തന്നെ രാഹുല്‍ ഫോമിലല്ലെന്ന് മനസിലാക്കാം. മികച്ച നിലവാരമുള്ള താരം തന്നെയാണ് രാഹുല്‍. എന്നാല്‍ അവന്‍ തന്‍റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്" ഹര്‍ഭജന്‍ പറഞ്ഞു.
രാഹുല്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് ഫോമും ആത്മവിശ്വാസവും തിരികെപ്പിടിക്കണമെന്നും ഹര്‍ഭജന്‍ നിര്‍ദേശിച്ചു. "ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായാണ് ഞാൻ അവനെ കണക്കാക്കുന്നത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും മാറി നിന്ന്, ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയും റൺസ് സ്കോർ ചെയ്യുകയും ചെയ്‌ത് ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. ഇതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കാം. രാഹുല്‍ മികച്ച ഗുണനിലവാരമുള്ള കളിക്കാരനാണെന്നതില്‍ യാതൊരു സംശയവുമില്ല" ഹർഭജൻ കൂട്ടിച്ചേർത്തു.