ബെംഗളൂരു: സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്‍റെ (KL Rahul) ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ഏഷ്യ കപ്പിലൂടെ (Asia Cup) ആയിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏഷ്യ കപ്പ് ആരംഭിക്കുന്ന സമയത്ത് രാഹുലിന് പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന വിലയിരുത്തലിലാണ് ബിസിസിഐ എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ കാലിനുണ്ടായ പരിക്കിനെ തുടര്‍ന്നായിരുന്നു താരത്തിന് ക്രിക്കറ്റ് മൈതാനത്ത് നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.
ശസ്‌ത്രക്രിയക്ക് ശേഷം താരം നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം ബാറ്റിങ്, കീപ്പിങ് എന്നിവയുടെ പരിശീലനത്തിലേര്‍പ്പെടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ രാഹുല്‍ പങ്കിട്ടിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് താരം ഉടന്‍ മടങ്ങിയെത്തുമെന്ന സൂചനയാണ് ഇതെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഇപ്പോള്‍ ബിസിസിഐ പ്രതിനിധിയുടെ പ്രതികരണം.
'കെഎല്‍ രാഹുല്‍ ഏഷ്യ കപ്പിന് മുന്നോടിയായി ഏകദിന മത്സരത്തിന് അനുയോജ്യനായിരിക്കാന്‍ സാധ്യതയില്ല. പ്രത്യേകിച്ചും ശ്രീലങ്കയിലെ ഈര്‍പ്പം നിറഞ്ഞൊരു സാഹചര്യത്തില്‍ ടീമിലേക്കുള്ള രാഹുലിന്‍റെ മടങ്ങിവരവ് ഏറെ ദുഷ്‌കരമായിരിക്കും. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്‍പ് എങ്കിലും രാഹുലിന് പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് ബിസിസിഐ മെഡിക്കല്‍ ടീം' - ബിസിസിഐ പ്രതിനിധി പറഞ്ഞു.
കെഎല്‍ രാഹുലിന്‍റെ മടങ്ങി വരവ് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയില്‍ രാഹുല്‍ ആയിരിക്കും പ്രധാനി. പരിക്കിന് മുന്‍പ് പല പ്രാവശ്യം അഞ്ചാം നമ്പറില്‍ ഇന്ത്യയ്‌ക്കായി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്.
Also Read : KL Rahul |'ലോകകപ്പ് ടീമിലേക്ക് ഞാൻ റെഡി', ബാറ്റിങ് പ്ലസ് കീപ്പിങ് വീഡിയോയുമായി കെഎല്‍ രാഹുല്‍
അതേസമയം, ശ്രേയസ് അയ്യരുടെ (Shreyas Iyer) തിരിച്ചുവരവിനും സമാന സാഹചര്യങ്ങളാണ് ഉള്ളതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ, ഏഷ്യ കപ്പിലൂടെ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നായിരുന്ന സൂചന. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഏകദിന ലോകകപ്പിന് മുന്‍പ് നൂറ് ശതമാനം ഫിറ്റനസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ താരത്തിന് ടീമിലൊരു സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂവെന്നാണ്.
ഏകദിന ഫോര്‍മാറ്റിന് പകരമായി ടി20യിലൂടെ ആയിരിക്കും ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് എളുപ്പമാകുക എന്ന വിലയിരുത്തലാണ് നിലവില്‍ ബിസിസിഐ അധികൃതര്‍ക്കുള്ളത്. ഈ വര്‍ഷം, ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു ശ്രേയസ് അയ്യര്‍ അവസാനം ഇന്ത്യയ്‌ക്കായി കളിച്ചത്. തുടര്‍ന്ന്, പുറം വേദനയെ തുടര്‍ന്ന് ലണ്ടനില്‍ താരം ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു.
ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലാണ് ഇത്തവണ ഏകദിന ലോകകപ്പ് നടക്കുന്നത്. പേസര്‍ ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവ് ഉറപ്പായ സാഹചര്യത്തില്‍ ലോകകപ്പിന് മുന്‍പായി രാഹുല്‍, അയ്യര്‍ എന്നിവരില്‍ ഒരാളെയെങ്കിലും ടീമിലെത്തിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ടീം മാനേജ്‌മെന്‍റ്.