കൊല്‍ക്കത്ത: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ സൗരാഷ്‌ട്രയോട് തോറ്റ് കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. വാശിയേറിയ മത്സരത്തിൽ 9 റണ്‍സിനായിരുന്നു സൗരാഷ്‌ട്രയുടെ ജയം. സൗരാഷ്‌ട്രയുടെ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നായകന്‍ സഞ്ജു സാംസണിന്‍റെയും (59) സച്ചിന്‍ ബേബിയുടേയും (64) അര്‍ധസെഞ്ചുറികള്‍ കേരളത്തെ തുണച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത സൗരാഷ്‌ട്ര അർധസെഞ്ച്വറി നേടിയ ഷെൽഡൻ ജാക്‌സന്‍റെ (44 പന്തിൽ 64) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. സമർഥ് വ്യാസ് (34), വിശ്വരാജ് സിൻഹ ജഡേജ (31) എന്നിവരും മികച്ച ബാറ്റിങ് കാഴ്‌ചവെച്ചു. കേരളത്തിന് വേണ്ടി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. മനുകൃഷ്‌ണൻ രണ്ടും മിഥുൻ എസ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മുഹമ്മദ് അസ്‌ഹറുദീനെ (0) തുടക്കത്തിൽ തന്നെ നഷ്‌ടമായി. പിന്നാലെ രോഹൻ എസ് കുന്നുമ്മലും (22) പുറത്തായി. എന്നാൽ പിന്നീട് ഒന്നിച്ച സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 98 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
സഞ്ജു സാംസണ്‍ പുറത്തായതോടെയാണ് കേരളത്തിന് അടിപതറിയത്. 11 ഓവറില്‍ 100 കടന്നിട്ടും കേരളത്തിന് ഫിനിഷിംഗ് പിഴച്ചു. 38 പന്തിൽ എട്ട് ഫോറുകൾ ഉൾപ്പെടെയാണ് സഞ്ജു 59 റണ്‍സ് നേടിയത്. 47 പന്തിൽ നിന്ന് രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 64 റണ്‍സ് നേടിയ സച്ചിൻ ബേബി പുറത്താകാതെ നിന്നു. അബ്‌ദുള്‍ ബാസിത് 12 റണ്‍സെടുത്ത് പുറത്തായി. വിഷ്‌ണു വിനോദ് (12) പുറത്താകാതെ നിന്നു.