തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്‍റെ ടിക്കറ്റ് നികുതി കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ഒന്നും ചെയ്യാൻ ആകില്ലെന്ന് പ്രസിഡന്‍റ് ജയേഷ് ജോർജ്. നികുതി കാര്യത്തിൽ സർക്കാർ ആണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ മത്സരത്തേക്കാൾ കുറഞ്ഞ നിരക്കാണ് ഇത്തവണത്തെ വാങ്ങുന്നതെന്നും കെസിഎ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ഞായറാഴ്‌ച നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റിൻ്റെ നികുതി കാര്യത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കെസിഎ രംഗത്ത് എത്തിയത്. ടിക്കറ്റ് നിരക്ക് വിവാദത്തിൽ വിശദീകരണം തേടിയ ബിസിസിഐക്ക് മറുപടി നല്‍കിയെന്നും കെസിഎ വ്യക്തമാക്കി. ചില ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്നാണ് കെസിഎ മറുപടി നല്‍കിയിരുന്നത്.
ഇത്തരം വിവാദങ്ങള്‍ ലോകകപ്പ് ആതിഥേയത്വം ഉൾപ്പെടെ ഭാവി മത്സരങ്ങളെയും ബാധിക്കുമെന്നും ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു. കാര്യവട്ടം സ്പോർട്‌സ് ഹബ്ബിന്‍റെ പ്രവർത്തനം കെസിഎയെ ഏൽപ്പിച്ചാൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം മത്സരത്തിനായുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. അപ്പർ ടയറിന് ആയിരം രൂപയും ലോവർ ടയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പേടിഎം ഇൻസൈഡറിൽ നിന്നും ഓൺലൈനായാണ് ടിക്കറ്റ് ലഭ്യമാക്കുക.
വിദ്യാർഥികൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനെയാണ് ടിക്കറ്റ് വാങ്ങേണ്ടത്. സ്ഥാപനത്തിന്‍റെ ലെറ്റർ ഹെഡിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെസിഎയുമായി ബന്ധപ്പെടണം.