ശ്രീനഗര്‍ : ക്രിക്കറ്റ് ലോകത്ത് ഏറെ പ്രസിദ്ധവും പ്രധാനവുമാണ് വില്ലോ മരങ്ങള്‍. ഇതിന്‍റെ തടിയില്‍ തീര്‍ത്ത ബാറ്റുകളാണ് ലോകത്തെമ്പാടുമുള്ള താരങ്ങള്‍ ഉപയോഗിക്കുന്നത്. കനം കുറവാണെങ്കിലും തേയ്‌മാനം കുറഞ്ഞ തടിയാണെന്നതാണ് വില്ലോയുടെ സവിശേഷത. സാധാരണയായി ഇംഗ്ലീഷ് വില്ലോയും കശ്മീർ വില്ലോയുമാണ് ബാറ്റുനിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
ലോകത്തിന്‍റെ പലയിടങ്ങളിലും ബാറ്റ് നിര്‍മാണമുണ്ടെങ്കിലും ഇത്തവണ സൗത്ത് കശ്‌മീരിന് അഭിമാനിക്കാന്‍ വകയുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ താരങ്ങളുപയോഗിക്കുന്ന ബാറ്റുകള്‍ കശ്‌മീര്‍ വില്ലോയുടെ തടിയില്‍ സൗത്ത് കശ്‌മീരില്‍ നിര്‍മിക്കപ്പെട്ടവയാണ്. ഇതാദ്യമായാണ് സൗത്ത് കശ്‌മീരില്‍ നിര്‍മിച്ച ബാറ്റുകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നത്.
ബാറ്റിന്‍റെ വേഗം വര്‍ധിപ്പിക്കാതെ തന്നെ മികച്ച ബാലന്‍സ് നല്‍കാനാവുമെന്നതാണ് കശ്‌മീര്‍ വില്ലോയെ കായിക താരങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. തിരശ്ചീനമായ കശ്മീർ വില്ലോയുടെ ഫൈബർ ഓറിയന്‍റേഷനുകൾ ബാറ്റിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കും.
സാലിക്‌സ് ആൽബ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വില്ലോ മരത്തൊലിക്ക് ഔഷധ ഗുണങ്ങളുമുണ്ട്. ജലദോഷം, പനി, സന്ധി വേദന എന്നിവയ്‌ക്കുള്ള മരുന്ന് നിര്‍മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വളരെ വേഗത്തില്‍ വളരുന്ന ഇവ 60 അടിമുതല്‍ 80 അടിവരെ വളരാറുണ്ട്. തണുപ്പ് കൂടിയ കശ്‌മീര്‍, യൂറോപ്പ്, കാനഡ, റഷ്യ തുടങ്ങിയ ഇടങ്ങളിലാണ് വില്ലോ മരങ്ങള്‍ കൂടുതലായി വളരുന്നത്.
കശ്‌മീര്‍ വില്ലോയില്‍ തീര്‍ക്കുന്ന ബാറ്റുകള്‍ അന്താരാഷ്ട തലത്തില്‍ എത്തിക്കുന്നതിനായി വളരെയേറെ പരിശ്രമിക്കേണ്ടിവന്നതായി നിര്‍മാണ കമ്പനിയായ ഗ്രേറ്റ് സ്പോർട്‌സിന്‍റെ ഉടമ ഫസൽ കബീർ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്‌ധരും പരിചയസമ്പന്നരായ തൊഴിലാളികളുമാണ് മികച്ച ബാറ്റുകളുടെ നിര്‍മാണത്തിന് പിന്നിലെന്നും ലോകത്ത് ഇംഗ്ലണ്ടിലും കശ്‌മീരിലും മാത്രമാണ് കശ്‌മീര്‍ വില്ലോ കാണപ്പെടുന്നതെന്നും ഫസല്‍ പറയുന്നു.
also read: ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍
ബാറ്റുകള്‍ യഥാവിധി നിര്‍മിക്കാന്‍ പരിചയ സമ്പന്നര്‍ക്കാണ് സാധിക്കുകയെന്ന് ഫാക്ടറിയിലെ കരകൗശല വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തും. മരത്തിന്‍റെ ഗുണം പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് മികച്ച ബാറ്റുകള്‍ വിപണിയിലെത്തിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.